
നവംബർ മാസത്തിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഓർമാക്സ് മീഡിയ. പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വിജയിയും, മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനുമാണ്. അല്ലു അർജുൻ ആണ് നാലാം സ്ഥാനത്ത്. പട്ടികയിൽ മഹേഷ് ബാബു അഞ്ചാം സ്ഥാനത്തും അജിത്കുമാർ ആറാം സ്ഥാനത്തുമാണ്. തെലുങ്ക് താരങ്ങളായ രാംചരൺ ഏഴാമതും ജൂനിയർ എൻടിആർ എട്ടാം സ്ഥാനത്തുമാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഒൻപതാം സ്ഥാനത്തും പവൻ കല്യാൺ പത്താം സ്ഥാനത്തുമാണ്.
വമ്പൻ വിജയങ്ങളിലൂടെയും പാൻ ഇന്ത്യൻ ബോക്സ് ഓഫീസ് സിനിമകളിലൂടെയും പ്രഭാസിന്റെ താരമൂല്യം നന്നായി വളർന്നിട്ടുണ്ട്. ദി രാജാസാബ്, ഫൗജി, സന്ദീപ് റെഡ്ഡി വാങ്ക ചിത്രം സ്പിരിറ്റ് എന്നിവയാണ് ഇനി പുറത്തുവരാനുള്ള പ്രഭാസ് സിനിമകൾ. തുടർച്ചയായുള്ള വിജയങ്ങളും ബോക്സ് ഓഫീസിലെ 300 കോടി കലക്ഷനും വിജയ്യുടെ താരമൂല്യത്തെ ഉയർത്തിയിട്ടുണ്ട്. ജനനായകൻ ആണ് ഇനി പുറത്തുവരാനുള്ള വിജയ് ചിത്രം. 2026 ജനുവരി 9 ആണ് ‘ജനനായകൻ’ തിയേറ്ററിൽ എത്തുന്നത്.
കിംഗ് ആണ് ഇനി പുറത്തുവരാനുള്ള കിംഗ് ഖാൻ ചിത്രം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന് ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്ജുന് എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്, അച്ഛന്, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്ജുന് അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്ജുന് ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. ഒജി എന്ന സിനിമയിലൂടെ വമ്പൻ തിരിച്ചുവരവ് പവൻ കല്യാൺ നടത്തിയിരുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്കും മുകളിൽ ആണ് സിനിമ നേടിയത്.