‘വാരാണസി’യുടെ സെറ്റിലെ രാജമൗലിയുടെ മാന്ത്രികവിദ്യകൾ കാണാൻ ആഗ്രഹമുണ്ട്”; ജയിംസ് കാമറൂൺ

','

' ); } ?>

എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രം ‘വാരാണസി’യുടെ സെറ്റുകൾ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് സംവിധായകൻ ജയിംസ് കാമറൂൺ. രാജമൗലിയുടെ മാന്ത്രികവിദ്യകൾ കാണാൻ സെറ്റിലേക്ക് വരൻ പറ്റുമോ എന്നാണ് ജയിംസ് കാമറൂൺ ചോദിക്കുന്നത്. കൂടാതെ തനിക്കൊരു ക്യാമറ തന്നാൽ സെക്കൻഡ് യൂണിറ്റ് പോലെ കുറച്ച് ഷോട്ട് എടുക്കാമെന്നും കാമറൂൺ കൂട്ടിച്ചേർത്തു. അവതാർ: ഫയർ & ആഷ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി എസ്.എസ്. രാജമൗലിയുമായി ഒരു ലൈവ് വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീറ്റിംഗ് ഓഫ് ദ മൈൻഡഡ്‌സ്: ജെയിംസ് കാമറൂൺ ഇൻ കോൺവർസേഷൻ വിത്ത് എസ്.എസ്. രാജമൗലി എന്നാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന് നൽകിയിരിക്കുന്ന പേര്.

“നിങ്ങളുടെ സെറ്റ് സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ മാന്ത്രികവിദ്യ സൃഷ്ടിക്കുന്നത് കാണാൻ എനിക്ക് താങ്കളുടെ സെറ്റിൽ വരാമോ, എനിക്കൊരു ക്യാമറ തന്നാൽ സെക്കൻഡ് യൂണിറ്റ് പോലെ കുറച്ച് ഷോട്ട് ഞാൻ എടുക്കാം. നിങ്ങൾ എന്തെങ്കിലും രസകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ, കടുവകളുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും എന്നെ അറിയിക്കണം.” ജയിംസ് കാമറൂൺ പറഞ്ഞു.

“ഓ… അത് ഒരു വലിയ സന്തോഷമായിരിക്കും സർ. നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, എൻ്റെ ടീം മാത്രമല്ല, മുഴുവൻ സിനിമാ വ്യവസായവും ഇതിൽ സന്തോഷിക്കും. ചിത്രീകരണം തുടങ്ങിയിട്ട് ഒരു വർഷമായി, ഇനിയും എട്ടുമാസത്തോളം ചിത്രീകരണം ബാക്കിയുണ്ട്.” രാജമൗലി മറുപടി നൽകി.

രാജമൗലിയുടെ 2022-ലെ ചിത്രമായ RRR-ൽ നായകന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആറിനെ കടുവ പിന്തുടരുന്നതും പിന്നീട് അദ്ദേഹം കടുവയെയും മറ്റ് മൃഗങ്ങളെയും ഉപയോഗിച്ച് ഒരു ബ്രിട്ടീഷ് ഗവർണറുടെ വീട് ആക്രമിക്കുന്നതുമായ ചില രംഗങ്ങളുണ്ടായിരുന്നു. നേരത്തെ ആർആർആർ കണ്ടിട്ട് രാജമൗലിയെ ജെയിംസ് കാമറൂൺ അഭിനന്ദിച്ചിരുന്നു. ലോസ് ആഞ്ചലിസിൽ നടന്ന ഒരു അവാർഡ് നിശയ്ക്കിടെയാണ് രാജമൗലിയെ അദ്ദേഹം പുകഴ്ത്തിയത്.

അതേ സമയം മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ് ‘വാരാണസി’യിൽ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഒരു മാസം മുൻപ്, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ വെച്ചുനടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. എം.എം. കീരവാണിയാണ് സംഗീത സംവിധാനം. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.