
നടി അക്രമിക്കപെട്ട സംഭവത്തിൽ തനിക്കെതിരെയുള്ള സൈബർ ആക്രമണം ദിലീപ് പറഞ്ഞു ചെയ്യിപ്പിക്കുന്നതാണെന്ന് വാദിച്ച് അതിജീവിതയുടെ വക്കീൽ അഡ്വ; ടി ബി മിനി. തന്നെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം നടത്തി ഈ കേസിൽ നിന്ന് ഒഴിവാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും, അവർക്ക് വേണ്ടത് അതിജീവിതയുടെ ഒറ്റപെടലാണെന്നും ടി ബി മിനി പറഞ്ഞു. കൂടാതെ അതി ജീവിതയ്ക്ക് വേണ്ടി താനൊരേയൊരു കേസ് മാത്രമേ നടത്തിയിട്ടുള്ളുവെന്നും, അതിൽ താൻ വിജയിച്ചിട്ടുണ്ടെന്നും ടി ബി മിനി കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഈ കേസിൽ ഞാനോ അതിജീവിതയോ തോറ്റിട്ടില്ല. കോടതിയുടെ ജുഡീഷ്യൽ സിസ്റ്റത്തിൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്കാണ്. ഇങ്ങനെ സെക്ശ്വൽ ഹറാസ്മെന്റിന് വിധേയരാകുന്നവർ പൊതു സമൂഹത്തിലേക്ക് തിരിച്ചു വരുക എന്ന് പറയുന്നതാണ് അതിന്റെ വിജയം. അതിജീവിതയെ സംബന്ധിച്ച് പൊതു സമൂഹത്തിലേക്ക് അവർ തിരിച്ചു വന്നു കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ക്രിസ്മസ് പരിപാടിയിലൊക്കെ അവർ പങ്കെടുത്തില്ലേ. ഒരുപാട് ട്രോമയൊക്കെ നേരിട്ടെങ്കിലും താനൊരു അതിജീവിതയാണെന്ന് അവർ സ്വയം പ്രഖ്യാപിച്ചു. അതിനു ശേഷം അവർ സിനിമകൾ ചെയ്തു, യാത്രകൾ നടത്തി. വിവാഹം കഴിച്ചു. പക്ഷെ അതിജീവിതയെ അങ്ങനെ ആക്കിയവരോ വലിയ രീതിയിലുള്ള സാമൂഹികപരമായ ഒറ്റപെടലിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഞാൻ പറയുന്നു ഈ കേസിൽ ദിലീപ് തെറ്റുകാരനാണ്. അത് കൊണ്ട് ദിലീപ് ശിക്ഷിക്കപ്പെടുക തന്നെ വേണം.” ടി ബി മിനി പറഞ്ഞു.
“അതി ജീവിതയ്ക്ക് വേണ്ടി ഞാനാകെ ഒറ്റ കേസെ വാദിച്ചിട്ടൊള്ളു. അത് മെമ്മറി കാർഡിന്റെ കേസാണ്. അതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ രാജ് കുമാറാണ് അതി ജീവിതയുടെ വക്കീൽ. ഞാനദ്ദേത്തെ അസിസ്റ്റ് ചെയ്യുന്നതേയൊള്ളൂ. പക്ഷെ പൊതു ഇടങ്ങളിൽ അതിജീവിതയ്ക്ക് വേണ്ടി ഞാൻ ശക്തമായി സംസാരിക്കാറുണ്ട്. അത് കൊണ്ട് തന്നെ എന്നെ ഈ കേസിൽ നിന്ന് നീക്കാൻ വേണ്ടി എനിക്കെതിരെ സൈബർ അക്രമണങ്ങളൊക്കെ നടക്കുന്നുണ്ട്. എന്നെ സൈബർ അറ്റാക്ക് ചെയ്യാൻ വേണ്ടി ദിലീപ് ഒരു പത്തിരുന്നൂറു പേരെ സെറ്റാക്കി വെച്ചിട്ടുമുണ്ട്. മറു നാടൻ മലയാളിയൊക്കെ ഞാൻ കൊള്ളില്ലെന്നും, വാദിക്കാനറിയില്ലെന്നുമൊക്കെ എഴുതി പിടിപ്പിക്കുന്നുമുണ്ട്. എല്ലാവർക്കും ഒറ്റ ലക്ഷ്യമാണ്, അതി ജീവിതയെ ഒറ്റപ്പെടുത്തണം.” ടി ബി മിനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.
കേസില് എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞത്. ഈ വിധി വന്നതിന് പിന്നാലെ നടി പാർവതി തിരുവോത്ത്, ഭാഗ്യലക്ഷ്മി, കമൽ, പ്രേംകുമാർ അടക്കമുള്ളവർ വിമർശനവുമായി എത്തിയിരുന്നു.
കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസം അതിജീവിത തന്റെ ആദ്യ പ്രതികരണം അറിയിച്ചിട്ടുണ്ടായിരുന്നു. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ തനിക്കിതിൽ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നീതി ലഭ്യമായില്ലെന്നും, ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ എല്ലാവരെയും ഒരുപോലെ കാണുന്നില്ലെന്നും നടി കൂട്ടിച്ചേർത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം. പൃഥ്വിരാജ്, സുപ്രിയമേനോൻ അടക്കമുള്ള പ്രമുഖർ താരത്തിന്റെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.