
അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രേക്ഷകർക്ക് സൗജന്യ സവാരിയുമായി ‘സിനിമ സവാരി’. സംസ്ഥാന സർക്കാരിന്റെ ടാക്സി ആപ് ആയ കേരള സവാരിയാണ് ‘സിനിമ സവാരി’ എന്ന പദ്ധതിയിലൂടെ പ്രേക്ഷകരുമായി വിവിധ ഐഎഫ്എഫ്കെ തിയേറ്ററുകൾക്കിടയിൽ ഓടുന്നത് അഞ്ച് ഓട്ടോകളും രണ്ട് ക്യാബുകളുമാണ് ഈ വിധം സർവീസ് നടത്തുക.
30ാമത് ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന പ്രേക്ഷകർക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യവും സമഗ്രമായ മേള അനുഭവവും നൽകുന്നതിന് ‘സിനിമ സവാരി’ പദ്ധതി സഹായിക്കും. സിനിമ സവാരിയുടെ ഫ്ലാഗ് ഓഫ് ടാഗോർ തിയേറ്ററിൽ ചലചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ നിർവഹിച്ചു. നടി സരയു മോഹൻ സന്നിഹിതയായി.
ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിന് തലസ്ഥാനത്ത് തുടക്കമായത്. തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 30ാമത് രാജ്യാന്തര മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചത്.