ബാല്‍ താക്കറെ ആയി നവാസുദീന്‍ സിദ്ദിഖി, ട്രെയിലര്‍ കാണാം

','

' ); } ?>

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന ‘താക്കറെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘റെഗെ’ എന്ന മറാഠി ചിത്രം ഒരുക്കിയ അഭിജിത്ത് പന്‍സെ സംവിധാനം ചെയ്യുന്ന ‘താക്കറെ’യില്‍ ശിവസേനാ സ്ഥാപകനായി എത്തുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. നവാസുദ്ദീന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാകുമെന്നുള്ള വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് ട്രെയ്‌ലര്‍. നന്ദിതാ ദാസ് സംവിധാനം ചെയ്ത ‘മന്റോ’ എന്ന ബയോപിക് ചിത്രത്തിനു ശേഷം നവാസുദ്ദീന്‍ സിദ്ദിഖി അഭിനയിക്കുന്ന പുതിയ ചിത്രമെന്ന പ്രത്യേകതയും ‘താക്കറെ’യ്ക്കുണ്ട്.

ചിത്രത്തിനു വേണ്ടി മറാത്തി ഭാഷയില്‍ പ്രാവിണ്യം നേടിയിരിക്കുകയാണ് നവാസുദ്ദീന്‍ സിദ്ദിഖി. ‘ഈ കഥാപാത്രം ചെയ്യാന്‍ ശിവസേന എന്നെ സമീപിച്ചത് തന്നെ വലിയൊരു കാര്യമായി ഞാന്‍ കരുതുന്നു. ഞാനൊരു നടന്‍ മാത്രമാണ്. ഏറ്റവും മികച്ച രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഞാനെന്റെ സംവിധായകരുമായി സഹകരിക്കാറുണ്ട്. പക്ഷേ ‘താക്കറെ’യാവാന്‍ അവരെന്നെ കണ്ടെത്തിയെന്നത് വലിയൊരു ഡീല്‍ ആണ്,’ നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

പത്ര പ്രവര്‍ത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാട്ട് കഥയെഴുതിയ ചിത്രം നിര്‍മിക്കുന്നത് സഞ്ജയ് റാട്ട്, കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സ്, വയകോം മോഷന്‍ പിക്‌ചേഴ്‌സ് ചേര്‍ന്നാണ്. അമൃത റാവു, അബ്ദുള്‍ ഖാദര്‍ അമിന്‍, അനുഷ്‌ക ജാദവ്, ലക്ഷ്മണ്‍ സിങ് രാജ്പുത്, നിരഞ്ജന്‍ ജാവിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഹിന്ദി, മറാഠി ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഇംഗ്ലീഷിലേക്കും മൊഴിമാറ്റുന്നുണ്ട്. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം..