
നിരവധി പേരുടെ പ്രണയ വിവാഹങ്ങൾക്ക് “ക്ലാസ്സ്‌മേറ്റ്സ്” സെറ്റ് കാരണമായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രൊഡക്ഷൻ മാനേജരായിരുന്ന എൽദോ സെൽവരാജ്. മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂർ, സൗണ്ട് റെക്കോർഡിസ്റ്റായിരുന്ന സോജി, പൃഥ്വിരാജിന്റെ കൂടെയുണ്ടായിരുന്ന ട്രെയിനർ തുടങ്ങി കുറേ പേരുടെ പ്രണയ വിവാഹങ്ങൾ നടന്നത് ആ സെറ്റിൽ വെച്ചിട്ടാണെന്നും, ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു ഉത്സവം തന്നെ ആയിരുന്നുവെന്നും എൽദോ സെൽവരാജ് പറഞ്ഞു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കഥ വായിച്ചപ്പോൾ തന്നെ ക്ലാസ്സ്‌മേറ്റ്സ് ഹിറ്റ് ആകുമെന്ന് അറിയാമായിരുന്നു. സിനിമ റിലീസ് ചെയ്ത സമയത്ത് എനിക്ക് ടിക്കറ്റ് കിട്ടിയിട്ടില്ല. തിയറ്ററിൽ അത്രയും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ക്ലാസ്മേറ്റ്സിന്റെ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂർ, സൗണ്ട് റെക്കോർഡിസ്റ്റായിരുന്ന സോജി, പൃഥ്വിരാജിന്റെ കൂടെയുണ്ടായിരുന്ന ട്രെയിനർ തുടങ്ങി കുറേ പേരുടെ പ്രണയ വിവാഹങ്ങൾ നടന്നത് ആ സെറ്റിൽ വെച്ചാണ്. എന്റെ ഖൽബിലേ എന്ന പാട്ട് വെക്കുമ്പോൾ ആ പാട്ടിന്റെ ഫീൽ ഹാളിൽ ഭയങ്കര രസമായിരുന്നു. മേക്കപ്പ് ചെയ്യാൻ നിൽക്കുന്ന ശ്രീജിത്തും പെൺകുട്ടിയും പരസ്പരം കണ്ടു. അങ്ങനെയാണ് ആ പ്രണയ വിവാഹങ്ങൾ നടന്നത്. ഈ മൂന്ന് പേരുടെയും പ്രണയ വിവാഹങ്ങൾ നടന്നത് ആ സിനിമയുടെ സെറ്റിൽ കണ്ടു മുട്ടിയപ്പോഴാണ്.” എൽദോ സെൽവരാജ് കൂട്ടിച്ചേർത്തു.
“അതുപോലെ എന്നും ഇടി ആയിരുന്നു സെറ്റിലും. ഒരു ഉത്സവം തന്നെ ആയിരുന്നു. ആർട്ടിസ്റ്റുകൾ മെെൻഡ് ചെയ്യാതിരിക്കുമ്പോൾ ആൾക്കാർ ബഹളം വെക്കും. അവരുടെ കാറിന് കല്ല് കൊണ്ട് വലിക്കും. ഒരു ദിവസം വലിയ പ്രശ്നം നടന്നു. ഷോട്ട് വെച്ച് കൊണ്ടിരിക്കുമ്പോൾ എൽദോ ചേട്ടനെ തല്ലുന്നേ എന്ന് പറഞ്ഞു. ഞാൻ അടി കോംപ്രമൈസ് ചെയ്യാൻ പോയതാണ്. പക്ഷെ അതിനിടയിൽ അടി ആയി. ലാൽ ജോസും എല്ലാവരും ഓടി വന്നു. ക്യാംപസിനുള്ളിൽ ഷൂട്ട് ചെയ്യുമ്പോൾ പിള്ളേരുണ്ടാക്കിയ പ്രശ്നങ്ങളായിരുന്നു അതെല്ലാം.” എൽദോ സെൽവരാജ് കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്സ്‌മേറ്റ്സ്. ലാൽ ജോസ് സംവിധാനം ചെയ്ത്, ജെയിംസ് ആൽബർട്ട് തിരക്കഥയെഴുതിയ ചിത്രം 2006ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, ജയസൂര്യ, കാവ്യ മാധവൻ, നരേൻ, രാധിക തുടങ്ങിയവരാണ് ക്ലാസ്സ്‌മേറ്റ്സിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ലാല്‍ജോസിന്റെ കരിയറില്‍ എറ്റവുമധികം ജനപ്രീതി നേടിയ സിനിമകളില്‍ ഒന്നാണ് ക്ലാസ്‌മേറ്റ്‌സ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ടസിനിമകളിലൊന്നാണ് ചിത്രം. ക്ലാസ്‌മേറ്റിലെ പാട്ടുകളും ഇന്നും കേള്‍ക്കുന്നവര്‍ ഏറെയാണ്.