
‘ഹാൽ’ സിനിമക്കെതിരെ കത്തോലിക്കാ കോൺഗ്രസ് നൽകിയ പുതിയ ഹർജിയെ ചോദ്യം ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിനിമ കാണാതെ അഭിപ്രായം പറയരുതെന്നും, സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നതെന്നും കോടതി ചോദിച്ചു. കൂടാതെ സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നതെന്നും, മിശ്രവിവാഹം സിനിമയിലല്ലേയെന്നും കത്തോലിക്കാ കോൺഗ്രസിനോട് ഹൈക്കോടതി കൂട്ടിച്ചേർത്തു.
സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ നിർദ്ദേശിക്കാനാവില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി കത്തോലിക്കാ കോൺഗ്രസിന്റെ അപ്പീൽ ഉത്തരവിനായി മാറ്റിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവ് നിങ്ങൾക്ക് എതിരല്ലല്ലോയെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സിനിമ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നത് എന്നായിരുന്നു കത്തോലിക്കാ കോൺഗ്രസ് ആരോപണം. താമരശ്ശേരി ബിഷപ്പിനെ മോശമായി ചിത്രീകരിച്ചെന്നും അപ്പീലിൽ പറഞ്ഞിരുന്നു. ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. രാഖി ദൃശ്യം മറയ്ക്കണം ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഒഴിവാക്കണമെന്നാണ് ഉത്തരവ്. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകുമെന്ന സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.
ഷെയിൻ നിഗം നായകനായെത്തുന്ന ചിത്രം ജെവിജെ പ്രൊഡക്ഷൻസ് ആണ് നിർമിക്കുന്നത്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തമായ ഒരു പ്രണയ ചിത്രമായിരിക്കും ‘ഹാൽ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
കോഴിക്കോട് മൈസൂർ, ഹൈദരാബാദ്, ജയ്പ്പൂർ, എന്നിവിടങ്ങളിലായി നൂറു ദിവസം സിനിമയുടെ ചിത്രീകരണം നീണ്ടുനിന്നിരുന്നു. ജോണി ആന്റണി സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാൽ, കെ.യു. മനോജ്. നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നിഷാദ് കോയയുടേതാണ് തിരക്കഥ. രാജ് സാഗർ ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം -രവിചന്ദ്രൻ. കലാസംവിധാനം – പ്രശാന്ത് മാധവ്മേക്കപ്പ് – അമൽ,കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ., പിആർഒ വാഴൂർ ജോസ്.