
‘വാരാണസി’യുടെ ടൈറ്റിൽ ലോഞ്ചിനിടെ ദൈവങ്ങളെ കുറിച്ചുള്ള രാജമൗലിയുടെ പരാമർശത്തിനെതിരെ പോലീസിൽ പരാതി നൽകി രാഷ്ട്രീയ വാനരസേന. ഹിന്ദു ദൈവമായ ഹനുമാനെക്കുറിച്ച് അപകീർത്തി പരാമർശം നടത്തിയെന്നും ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി. ഉടൻ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കണമെന്നും, ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടിയുണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ മേഖലയിൽ വർധിച്ചുവരുന്ന ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന പ്രവണതയുടെ ഭാഗമാണ് രാജമൗലിയുടെ പരാമർശമെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തെലങ്കാന രംഗറെഡ്ഡിയിലെ സരൂർനഗർ പോലീസ് സ്‌റ്റേഷനിൽ തിങ്കളാഴ്‌ച വൈകീട്ടോടെയാണ് പരാതി ലഭിച്ചത്. പരാതിയിൽ സരൂർനഗർ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ശനിയാഴ്ച ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ നടന്ന ‘ഗ്ലോബ്ലോട്ടർ ഇവന്റി’ലാണ് രാജമൗലി പരാതിക്കാധാരമായ പരാമർശം നടത്തിയത്. തമാശരൂപേണയുള്ള പരാമർശത്തിൻ്റെ പേരിൽ സംവിധായകനെതിരെ സാമൂഹികമാധ്യമങ്ങളിൽ ബഹിഷ്‌കരണാഹ്വാനം ഉയർന്നിരുന്നു. ‘ഞാൻ ഭഗവാൻ ഹനുമാനിൽ വിശ്വസിക്കുന്നില്ല’ എന്ന സംവിധായകന്റെ പരാമർശത്തിനെതിരെയാണ് പരാതിയെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വലിയ രീതിയിലുള്ള വിമർശനങ്ങൾ പരാമർശനത്തിനു ശേഷം രാജ മൗലിക്കെതിരെ ഉയരുന്നുണ്ട്. ദൈവവിശ്വാസിയല്ലെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ വാരണാസി’ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ക്യാമ്പെയിനും ശക്തമാണ്. രാജമൗലിയുടെ സിനിമ ബഹിഷ്കരിക്കണമെന്നാണ് ക്യാമ്പെയിൻ ആഹ്വാനം ചെയ്യുന്നത്. പിന്നാലെ സിനിമയുടെ ടൈറ്റിൽ ലോഞ്ചിലെ രാജമൗലിയുടെ ചില പരാമർശങ്ങളും അദ്ദേഹത്തിന്റെ തന്നെ പഴയ ട്വീറ്റുകളും ചൂണ്ടിക്കാട്ടി ആളുകൾ രംഗത്ത് വരികയായിരുന്നു. അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്ക് ആക്കുകയാണെന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ദൈവത്തെ ഉപയോഗിച്ച് അദ്ദേഹം പൈസ ഉണ്ടാക്കുകയാണെന്നും ഹനുമാൻ സ്വാമി മറുപടി നൽകുമെന്നുമുള്ള പോസ്റ്റുകളും സജീവമാണ്.