
‘തലൈവര്‍ 173’ യിൽ നിന്നും സംവിധായകൻ സുന്ദർ.സി പിന്മാറിയതിൽ വിശദീകരണം നൽകി നടൻ കമൽഹാസൻ. താനാണ് ചിത്രത്തിന്റെ നിർമ്മാതാവെന്നും, രജനികാന്തിന് ഇഷ്ടപെടുന്ന ചിത്രം ആണ് നിർമിക്കേണ്ടതെന്നും കമൽഹാസൻ പറഞ്ഞു. കൂടാതെ അനുയോജ്യമായ കഥയ്ക്ക് വേണ്ടി തങ്ങൾ അന്വേഷണത്തിലാണെന്നും കമൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
“ഞാൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. രജനികാന്തിന് ഇഷ്ടപെടുന്ന ചിത്രം ആണ് നിർമിക്കേണ്ടത്. രജനിക്ക് ഇഷ്ടപെടുന്ന കഥ ലഭിക്കും വരെ അന്വേഷണം തുടരും. സുന്ദറിന് പറയാനുള്ളത് വാർത്താക്കുറിപ്പായി ഇറങ്ങി. ഇനി സഹകരിക്കില്ല. കഥകൾ നല്ലതാണെങ്കിൽ നവാഗത സംവിധായകരിൽ നിന്ന് തിരക്കഥകൾ കേൾക്കാൻ ഞങ്ങൾ തയ്യാറാണ്.” കമൽഹാസൻ പറഞ്ഞു.
നവംബര്‍ 5ന് ആയിരുന്നു തലൈവര്‍ 173യുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. കമല്‍ഹാസന്റെ രാജ്കമല് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2027 പൊങ്കല്‍ റിലീസായി വരുന്ന ചിത്രം സുന്ദര്‍ സി ആയിരിക്കും സംവിധാനം ചെയ്യുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍ നവംബര്‍ 13ന് ചിത്രത്തില്‍ നിന്നും പിന്മാറിയതായി സുന്ദര്‍ സി അറിയിച്ചു. പിന്നാലെ നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സുന്ദർ.സി രജനീകാന്തിനോട് യാതൊരു നിലവാരവുമില്ലാത്ത കഥയാണെന്ന് പറഞ്ഞുവെന്നും, സുന്ദർ.സിയുടെ പത്രക്കുറിപ്പ് ‘അനാദരവും അഹങ്കാരവും’ നിറഞ്ഞതാണെന്നും ആരോപണമുയർന്നിരുന്നു. കൂടാതെ സ്ക്രിപ്റ്റിൽ രജനികാന്ത് തൃപ്തനല്ലാത്തത് കൊണ്ടാണെന്നും, കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ രജിനികാന്ത് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു. അതേ സമയം ചിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന വിവരം സുന്ദർ സി നിർമാതാക്കളായ രാജ്കമൽ ഫിലിംസിനെ അറിയിച്ചില്ലെന്നും വാർത്തകളുണ്ട്.
രജനികാന്തിന്റെ നായകനാക്കി അരുണാചലം എന്ന ചിത്രം സംവിധാനം ചെയ്തത് സുന്ദര്‍ സി ആയിരുന്നു. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയത് അന്പേ ശിവമാണ്. രാജ്കമല് ഫിലിംസിന്റെ 44-ാം വര്‍ഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് തലൈവര്‍ 173.