“ഉടനെ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ട്, യൂട്യൂബറുടേത് മാപ്പപേക്ഷയല്ല”; ആദിത്യ മാധവൻ

','

' ); } ?>

ഗൗരി കിഷനെതിരെ യൂട്യൂബർ അവഹേളനം നടത്തിയപ്പോൾ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് തുറന്നു പറഞ്ഞ് നടൻ ആദിത്യ മാധവൻ. കൂടാതെ തെറ്റ് മനസ്സിലായപ്പോൾ തന്നെ ഗൗരിയോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞിരുന്നുവെന്നും, യൂട്യൂബറുടെ ഖേദപ്രകടനം മാപ്പപേക്ഷയായി കണക്കാക്കാനാകില്ലെന്നും ആദിത്യ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“സംഭവം നടന്നപ്പോൾ തന്നെ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണ്. തന്നെയുമല്ല എന്റെ മുത്തച്ഛൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിന്റെ മാനസിക സമ്മർദ്ദവും , യൂട്യൂബറുടെ ഭീഷണിയും കാരണം ഉടൻ പ്രതികരിക്കാനാവാതെ പോയതാണ്. തെറ്റ് മനസ്സിലായപ്പോൾ തന്നെ ഞാൻ ഗൗരിയോടും പ്രേക്ഷകരോടും മാപ്പ് പറഞ്ഞിരുന്നു.” ആദിത്യ മാധവൻ പറഞ്ഞു.

“ഞാനൊരു വീഡിയോ കണ്ടു. അത് മാപ്പപേക്ഷ അല്ല. പഴയ തലമുറയിലെ പലരുടയെും മനോഭാവത്തിന് പ്രശ്നമുണ്ട്. അയാൾ മാറിയേ പറ്റൂ. ഇനി ഇത്തരം ചോദ്യം ആരും ചോദിക്കില്ല.” ആദിത്യ മാധവൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം യൂട്യൂബറുടേത് ഖേദപ്രകടനമാണെന്ന് തോന്നുന്നില്ലെന്ന് താരസംഘടന ‘അമ്മ’ പ്രസിഡൻ്റ് ശ്വേതാ മേനോനും അഭിപ്രായപ്പെട്ടിരുന്നു. തങ്ങൾ പ്രതീക്ഷിക്കുന്ന ഖേദപ്രകടനം ഇങ്ങനെയല്ലെന്നും നടി വ്യക്തമാക്കിയിരുന്നു. തന്റെ ചോദ്യം നടി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഖേദപ്രകടനം നടത്തിയ വീഡിയോയിൽ കാർത്തിക് ന്യായീകരിച്ചത്. നടിയെ ബോഡിഷെയിം ചെയ്തിട്ടില്ല. അതൊരു തമാശചോദ്യമായിരുന്നു. നടിക്ക് മനോവിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കാർത്തിക്കിന്റെ വാക്കുകൾ.

താര സംഘടനയായ അമ്മയും, ഗായിക ചിന്മയിയും, ഖുശ്ബുവും, അഹാനയും, സുപ്രിയമേനോനുമടക്കം നിരവധി പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേ സമയം തന്നെ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്കെതിരായ നിലപാടിലുറച്ച് തന്നെയാണ് നടി ഗൗരി കിഷൻ മുന്നോട്ട് പോകുന്നത്. താൻ സംസാരിച്ചത് സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും, നാളെ മറ്റൊരു നടിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തുറന്നടിച്ചതെന്നും ഗൗരി പറഞ്ഞു. കൂടാതെ തന്റെ ശരീരം തന്റെ ചോയിസാണെന്നും, അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗൗരി കൂട്ടിച്ചേർത്തു. സംഭവത്തിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

ഗൗരി കിഷന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ തന്നെ ബോഡി ഷെയിമിങ് ചെയ്ത യൂട്യൂബർക്ക് തക്കതായ മറുപടിയായിരുന്നു ഗൗരി നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറഞ്ഞു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.