“കുഞ്ഞുങ്ങളേ നിങ്ങൾക്ക് നാളെ നല്ല സിനിമകൾ കിട്ടാനും കാണാനും വേണ്ടിയാണ് ജൂറിയുടെ നിലപാട്, സത്യം മനസ്സിലാക്കാൻ സമയം എടുക്കും”; സന്തോഷ് ഏച്ചിക്കാനം

','

' ); } ?>

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങളെ അവ​ഗണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് കഥാകൃത്തും ജൂറി അം​ഗവുമായ സന്തോഷ് ഏച്ചിക്കാനം. “കുട്ടിത്തത്തിനുള്ളിൽ നിന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ സ്വാഭാവികമായ തരത്തിലാവണം സംവിധായകൻ സിനിമയ്ക്ക് ദൃശ്യഭാഷയൊരുക്കേണ്ടതെന്നും, പരിഗണനയ്ക്കു വന്ന സിനിമകളിലേറെയും കുട്ടികളിലൂടെ സംവിധായകന്റെ മാനസികവ്യാപാരങ്ങളാണ് കണ്ടതെന്നും” സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“ഈ വർഷംവന്ന കുട്ടികളുടെ സിനിമ ഏഴംഗ ജൂറി വിലയിരുത്തിയപ്പോൾ അവ ഒന്നുംതന്നെ കുട്ടികളുടെ മനസ്സിനെ അല്ലെങ്കിൽ കുട്ടികളുടെ ഭാവുകത്വത്തെ പ്രതിഫലിപ്പിക്കുന്നവയായിരുന്നില്ല എന്ന് കണ്ടെത്തുകയുണ്ടായി. കഴിവുള്ള അഭിനയശേഷിയുള്ള നിരവധി കുട്ടികൾ ഉണ്ടെങ്കിലും അവരെ സ്വഭാവികമായ കഥാപാത്രങ്ങളിൽ നിന്നും അടർത്തി മാറ്റി സൂപ്പർ സ്റ്റാറുകൾ ജീവൻ നൽകുന്ന അമാനുഷിക വ്യക്തിത്വങ്ങളാക്കി മാറ്റുന്ന പ്രവണത ഇത്തരം സിനിമകളിൽ ജൂറി കണ്ടെത്തി. ഇത് സംവിധായകരുടെ സർഗ്ഗാത്മകമായ കഴിവുകേടാണെന്നും ജൂറി വിലയിരുത്തുകയുണ്ടായി.” സന്തോഷ് കുറിച്ചു

“കുട്ടികളുടെ സിനിമ പ്രധാനമായും ലക്ഷ്യമിടുന്നത് സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്തം, കാരുണ്യം, ധാർമ്മികത, പെരുമാറ്റശീലം എന്നിങ്ങനെയുള്ള കാര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും ക്രൂരത, അതിക്രമം, സമൂഹവിരുദ്ധമായ കാര്യങ്ങൾ, ചിന്തകൾ എന്നിവയെ അകറ്റിനിർത്തുന്നതുമായിരിക്കണം. കുട്ടിത്തത്തിനുള്ളിൽനിന്ന് അവർക്കുമനസ്സിലാകുന്ന രീതിയിൽ സ്വാഭാവികമായ തരത്തിലാവണം സംവിധായകൻ സിനിമയ്ക്ക് ദൃശ്യഭാഷയൊരുക്കേണ്ടത്. പരിഗണനയ്ക്കുവന്ന സിനിമകളിലേറെയും നാം കണ്ടത് കുട്ടികളിലൂടെ സംവിധായകന്റെ മാനസികവ്യാപാരങ്ങളാണ്. അതാവരുത് കുട്ടികളുടെ സിനിമയെന്ന് ചിന്തിച്ചുറപ്പിച്ചതുകൊണ്ടാണ് അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികളുടെ സിനിമ ഉൾപ്പെടാതിരുന്നത്. പ്രിയപ്പെട്ട കുഞ്ഞുങ്ങളേ നിങ്ങൾക്ക് നാളെ നല്ല സിനിമകൾ കിട്ടാനും കാണാനും വേണ്ടിയാണ് ജൂറി ഈ നിലപാട് എടുത്തിരിക്കുന്നത്. സത്യം മനസ്സിലാക്കാൻ സമയം എടുക്കും.” സന്തോഷ് കൂട്ടിച്ചേർത്തു.