ബാഹുബലിയുടെ മൂന്നാം ഭാഗം ഒരുങ്ങുന്നത് എഐയിൽ; റിപ്പോർട്ട് ചെയ്ത് തെലുങ്ക് മാധ്യമങ്ങൾ

','

' ); } ?>

ബാഹുബലിയുടെ മൂന്നാം ഭാഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആനിമേഷൻ എന്നിവ ഉപയോഗിച്ചാണ് ചിത്രം നിർമിക്കുക എന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാഹുബലി 3 ന്റെ ആനിമേറ്റഡ് പതിപ്പ് രാജമൗലിയുടെ പരിഗണനയിലുണ്ടെന്നും, നിർമ്മാതാക്കളുമായി ഇതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും രാജമൗലിയുമായി അടുത്ത് നിൽക്കുന്ന വ്യത്തങ്ങളിൽ നിന്ന് ഡെക്കാൻ ക്രോണിക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രോജക്റ്റ് ഉടൻ തന്നെ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്ക, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ തുടങ്ങി വലിയൊരു താര നിര അണി നിരന്ന ചിത്രമാണ് ബാഹുബലി. 2015 ൽ ആദ്യ ഭാഗവും, 2017 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ഇന്ത്യയിലെ ആദ്യ 1000 കോടി ചിത്രം കൂടിയായിരുന്നു ഇത്.

അതേസമയം, ബാഹുബലിയുടെ പത്താം വർഷം കണക്കിലെടുത്ത് സിനിമ വീണ്ടും തിയേറ്ററിൽ എത്താനിരിക്കുകയാണ്. ‘ബാഹുബലി ദി എപ്പിക്ക്’ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്. ഒക്‌ടോബർ 31 നാണ് റിലീസ്. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പാണ് ഇത്തവണ സിനിമയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 42 മിനിറ്റും രണ്ടാം പകുതി രണ്ട് മണിക്കൂർ എട്ട് മിനിറ്റുമാണ് നീളം. ആദ്യ പകുതിയിൽ ബാഹുബലി ഒന്നാം ഭാഗവും രണ്ടാം പകുതിയിൽ സിനിമയുടെ രണ്ടാം ഭാഗവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒരു മുഴുവൻ സിനിമയുടെ നീളം തന്നെ രണ്ടാം പകുതിക്ക് ഉണ്ടല്ലോ എന്ന അമ്പരപ്പിലാണ് സിനിമാ പ്രേമികൾ. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ – വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസാണ് ‘ബാഹുബലി – ദി എപ്പിക്’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.