“റൊമാന്റിക് വിട്ട് എന്നാണ് അസുരനും വടചെന്നൈയും പോലെ ഒരു സിനിമ?”; പ്രതികരിച്ച് പ്രദീപ് രംഗനാഥൻ

','

' ); } ?>

സ്ഥിരമായി റൊമാന്റിക് സിനിമകളാണ് ചെയ്യുന്നതെന്നും, ജോണർ മാറ്റിപിടിക്കേണ്ട സമയമായെന്നുമുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ പ്രദീപ് രംഗനാഥൻ. റൊമാന്റിക് സിനിമകൾ ഒരുപാട് ചെയ്തല്ലോ ഇനി എന്നാണ് അസുരനും വടചെന്നൈയും പോലെ ഒരു സിനിമ ചെയ്യുന്നത്’എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘കമിങ് സൂൺ’ എന്നായിരുന്നു പ്രദീപ് നൽകിയ മറുപടി. തന്റെ ഏറ്റവും പുതിയ ചിത്രം ഡ്യൂഡിന്റെ തെലുങ്ക് സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.

താൻ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയുടെ പണിപ്പുരയിലാണെന്നും, ഡ്യൂഡിന് ശേഷം ചെറിയ ഇടവേളയെടുത്ത് ആ സിനിമയുടെ എഴുത്തിലേക്ക് കടക്കുമെന്നും താരം നേരത്തെ പ്രതികരിച്ചിട്ടുണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് പ്രദീപ് രംഗനാഥൻ. രണ്ട് 100 കോടി സിനിമകളാണ് നടന്റെ പേരിലുള്ളത്.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 95 കോടിയാണ് ഇതുവരെ ഡ്യൂഡിന്റെ കളക്ഷൻ. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.