
സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഷെയ്ന് നിഗം നായകനായെത്തിയ പുതിയ ചിത്രം ‘ഹാല്’ ഹൈക്കോടതി ശനിയാഴ്ച കാണും.
കാക്കനാടുള്ള സ്റ്റുഡിയോയിൽ ശനിയാഴ്ച രാത്രി ഏഴ് മണിക്ക് പ്രത്യേക സ്ക്രീനിങ്ങിന് സൗകര്യം ഒരുക്കും. ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണും കേസിൽ ഹാജരായ അഭിഭാഷകരുമായിരിക്കും സിനിമ കാണുക. സിനിമയില്‍ സെന്‍സർ ബോർഡ് ചൂണ്ടിക്കാട്ടുന്ന പോലെ നീക്കേണ്ടതായ രംഗങ്ങളുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച പ്രവൃത്തി ദിനമായതിനാലാണ് രാത്രി സിനിമ കാണാം എന്ന് കോടതി അറിയിച്ചത്.
സിനിമയുടെ ഉള്ളടക്കം മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോയാണ് ഹർജി നൽകിയിരുന്നത്. സിനിമയുടെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ട്, താമരശ്ശേരി ബിഷപ്പിനെ ലൗ ജിഹാദിന്റെ പിന്തുണക്കാരനായി കാണിക്കുന്നു, ഇത് ബിഷപ്പിന്റെ വ്യക്തിപരമായ യശസ്സിനും രൂപതയ്ക്കും അപകീര്‍ത്തിയുണ്ടാക്കും, സിനിമയ്ക്ക് ദേശവിരുദ്ധ അജണ്ടയുണ്ട് തുടങ്ങിയ കാര്യങ്ങളും കത്തോലിക്ക കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നതും ഉൾപ്പടെ 15 രംഗങ്ങൾക്ക് വിചിത്രമായ കാരണങ്ങൾ ചൂണ്ടിയാണ് ബോർഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉൾപ്പെടെ 15 രംഗങ്ങൾ നീക്കം ചെയ്യുകയും, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് പറഞ്ഞത്.
സെപ്റ്റംബർ 12 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻ്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് മാറ്റിയത്. ജാനകിയെന്നത് രാമായണത്തിലെ സീതയുടെ പേരാണെന്ന വിചിത്രമായ കാരണമാണ് അന്ന് സെൻസർ ബോർഡ് പറഞ്ഞത്. നേരത്തേ മോഹൻലാൽ ചിത്രം എമ്പുരാനും വിവാദമായിരുന്നു. ചിത്രത്തിൽ നിന്ന് ഏതാനും രംഗങ്ങൾ വെട്ടിമാറ്റുകയും പേര് മാറ്റുകയും ചെയ്തശേഷം വീണ്ടും സെൻസർ ചെയ്യുകയായിരുന്നു
സിബിഎഫ്സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് ന്യൂഡിറ്റിയോ വയലന്‍സോ ഇല്ലാത്ത സിനിമയ്ക്ക് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. സമൂഹത്തിലെ ചില പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സംവിധായകന് പ്രതികരിച്ചിരുന്നു.