
നടൻ വിക്രമിന്റെ കയ്യിൽ നിന്നും തല്ലു കിട്ടിയ രസകരമായ സംഭവം വിവരിച്ച് നടന്‍ ധ്രുവ് വിക്രം. പുറത്തിറങ്ങാനിരുന്ന ചിത്രത്തിലെ ഗാനം പെൻഡ്രൈവാക്കി സ്കൂളിൽ കൊണ്ടുപോയതിനാണ് തല്ലു കിട്ടിയതെന്നും, അതിന്റെ പാട് രണ്ടാഴ്ച്ചയോളമുണ്ടായിരുന്നുവെന്നും ധ്രുവ് വിക്രം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം ബൈസണിന്റെ പ്രൊമോഷണുമായി ബന്ധപ്പെട്ട പരിപാടിയിൽ വെച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
‘ജീവിതത്തില്‍ ഇതുവെ ഒന്നോ രണ്ടോ തവണ മാത്രമാണ് അച്ഛന്‍ എന്ന തല്ലിയിട്ടുള്ളത്. ഐയിലെ ‘മെര്‍സലായിട്ടേന്‍…’ എന്ന പാട്ട് ഷൂട്ടിങ്ങിന് മുമ്പ് അവര്‍ ഒരു പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ഷൂട്ടിന് മുമ്പ് അത് പുറത്തുപോകരുതെന്ന് അവര്‍ പ്രത്യേകം പറഞ്ഞിരുന്നു. ആ പെന്‍ഡ്രൈവ് എന്റെ കൈയില്‍ കിട്ടി. സ്‌കൂളില്‍ കൂട്ടുകാരെയെല്ലാം കേള്‍പ്പിക്കാമെന്ന് കരുതി ഞാന്‍ പെന്‍ഡ്രൈവും എടുത്തുകൊണ്ടുപോയി. ക്ലാസിലെ എല്ലാവര്‍ക്കും പാട്ട് കേള്‍പ്പിച്ചുകൊടുത്തു. ഇത് അച്ഛന്‍ അറിഞ്ഞു. സിനിമക്കായി ബോഡി ബില്‍ഡറെപ്പോലെയായിരുന്നു അച്ഛന്‍. അന്ന് എനിക്ക് മുതുകില്‍ ഒരൊറ്റ അടി തന്നു. അതിന്റെ പാട് രണ്ടാഴ്ച്ചയോളമുണ്ടായിരുന്നു.’-ധ്രുവ് വിക്രം പറഞ്ഞു.
വമ്പന്‍ ബജറ്റില്‍ ഷങ്കര്‍ ഒരുക്കിയ ചിത്രമാണ് ഐ. ഇത് ബോക്‌സോഫീസിലും ഹിറ്റായിരുന്നു. എആര്‍ റഹ്‌മാന്‍ ഒരുക്കിയ ഇതിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. അതേ സമയം മികച്ച പ്രതികരണമാണ് ബൈസൺ സ്വന്തമാക്കുന്നത്.പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഒരു സ്പോർട്‌സ് ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദീപാവലി റിലീസായി ഒക്ടോബർ 17 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
കബഡി കളിക്കാരനായാണ് ചിത്രത്തിൽ ധ്രുവ് എത്തിയിരിക്കുന്നത്. മനതി ഗണേശൻ എന്ന കബഡി താരത്തിൻ്റെ ബയോപിക്കായിരിക്കില്ല ഈ സിനിമയെന്ന് സംവിധായകൻ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിൻ്റെ പ്രമേയം സാങ്കൽപിക കഥ മാത്രമാണ്. ഛായാഗ്രാഹണം ഏഴിൽ അരശ്.