
കല്യാണി പ്രിയദർശൻ നായികയായ ലോകയും രശ്മിക മന്ദാന നായികയാവുന്ന ഥാമയും തമ്മിൽ സാദൃശ്യമുണ്ടോ എന്ന ചർച്ചകളിൽ പ്രതികരിച്ച് നടൻ ആയുഷ്മാൻ ഖുറാന. ‘ഥാമ ലോകയേക്കാൾ മാസാണെന്നും, രണ്ട് സിനിമകളെയും ഒരുമിച്ച് കാണാനാവില്ലെന്നും ആയുഷ്മാൻ പറഞ്ഞു. രശ്മികയ്ക്കൊപ്പം ഗലാട്ട പ്ലസിന്റെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഥാമ ലോകയേക്കാൾ മാസ് ആണ്. കാരണം ഥാമ ഹിന്ദി വിപണിയിലേക്കും ഇറങ്ങിച്ചെല്ലുന്നുണ്ട്. ചില മൾട്ടിപ്ലെക്സ് പ്രേക്ഷകർക്ക് ഈ വിഷയത്തിലേക്ക് കടന്നുവരാൻ ലോക ഒരു നല്ല തുടക്കമായേക്കാം. പക്ഷേ ഥാമയുടെ ഉത്ഭവം വ്യത്യസ്തമാണ്. സാഹചര്യങ്ങളും കഥയും വ്യത്യസ്തമാണ്. കൂടാതെ ഥാമയിൽ കോമഡിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ചിത്രങ്ങൾ തമ്മിൽ കാര്യമായ സാമ്യങ്ങളൊന്നുമില്ല”. ആയുഷ്മാൻ ഖുറാന പറഞ്ഞു.
“ലോക ഞാൻ കണ്ടിരുന്നു. കല്ല്യാണിയുമായി നല്ല സൗഹൃദമുണ്ട്. ദുൽഖർ സൽമാനും ടൊവിനോ തോമസും കല്ല്യാണിയും അവരുടേതായ രീതിയിൽ അഭിനയിച്ചത് തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ഞങ്ങളുടെ സിനിമയിൽ എന്താണ് ഒരുക്കിയിരിക്കുന്നതെന്നും ഞങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നും അറിയാവുന്നതുകൊണ്ട്, ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. ഈ രണ്ട് സിനിമകളെയും ഒരുമിച്ച് കാണാനാവില്ല. എവിടെ നിന്നാണ് ഈ താരതമ്യം വരുന്നതെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ നാളെ നിങ്ങൾ ഥാമ കണ്ടിറങ്ങുമ്പോൾ അതൊരു പുതിയ സംഭാഷണ വിഷയമായിരിക്കും”. രശ്മിക പറഞ്ഞു.
മാഡോക്ക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ഥാമ. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. ആദിത്യ സർപോദാർ ആണ് ഥാമ സംവിധാനം ചെയ്യുന്നത്. പരേഷ് റാവലും നവീസുദ്ദീൻ സിദ്ദിഖിയുമാണ് മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 21-ന് ചിത്രം തീയേറ്ററുകളിലെത്തും.