
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിക്കൊരുങ്ങി ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പിനി വേഫറെര്‍ ഫിലിംസ്. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചെന്ന ആരോപണത്തിലാണ് നടപടി. തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് നിര്‍മാണക്കമ്പനി പരാതി നല്‍കിയത്.
വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും, മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി അറിയിച്ചു. ദിനിൽ ബാബുവുമായി വേഫെറര്‍ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്നും വേഫേററിന്റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും വേഫെറർ ഫിലിംസ് അറിയിച്ചു. എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വേഫെറര്‍ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാമെന്നും പറഞ്ഞ് ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. അവിടെ എത്തിയ തന്നെ ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ടുപോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി.