
മലയാള സിനിമയും, കന്നഡ സിനിമയും മികച്ച വിജയം നേടുമ്പോൾ തമിഴ് സിനിമയിൽ ഈ വർഷം വിജയങ്ങളൊന്നുമില്ലാത്തത് നിരാശാജനകമെന്ന് പ്രതികരിച്ച് സംവിധായകൻ ടി രാജേന്ദർ. കൂടാതെ ആളുകൾ തിയറ്ററിലേക്ക് വരാൻ മടിക്കുന്നത് നല്ല സിനിമകൾ വരാത്തത് കൊണ്ടാണെന്നും തമിഴ് സിനിമ വലിയൊരു ദുരിതത്തിലേക്കാണ് കൂപ്പുകുത്തുന്നതെന്നും രാജേന്ദർ വിമർശിച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
‘എനിക്ക് ലോകയോടൊ, കാന്താരയോടോ അസൂയ ഒന്നും ഇല്ല, എന്നാൽ എന്റെ തമിഴ് സിനിമയ്ക്ക് ഇപ്പൊ ഒട്ടും നല്ല അവസ്ഥയല്ല എന്നോർക്കുമ്പോൾ ആശങ്കയുണ്ട്. വലിയ പാൻ ഇന്ത്യൻ എന്നും ബ്രഹ്മാണ്ഡ നിർമ്മാണമെന്നുമൊക്കെ പറഞ്ഞു ബിൽഡപ്പ് മാത്രമാണ് ഇപ്പോൾ തമിഴിലുള്ളത്. ഈ വർഷം 200 ലധികം ചിത്രങ്ങൾ റീലിസ് ചെയ്തിട്ട് ആകെ വിജയമായത് ടൂറിസ്റ്റ് ഫാമിലി, ഡ്രാഗൺ, തലൈവൻ തലൈവി, ഗുഡ് ബാഡ് അഗ്ളി പോലുള്ള വിരളിൽ എണ്ണാവുന്ന ചിത്രങ്ങളാണ്’. ടി രാജേന്ദർ പറഞ്ഞു.
ആളുകൾ തിയറ്ററിലേക്ക് വരാൻ മടിക്കുന്നത് നല്ല സിനിമകൾ വരാത്തത് കൊണ്ടാണ്. അത് കൊണ്ടാണ് ഇത്ര വലിയൊരു ദുരിതം തമിഴ് സിനിമ വ്യവസായത്തിനുണ്ടായത്. സിനിമയ്ക്ക് നല്ല കഥ ഉണ്ടെങ്കിൽ തന്നെ ആളുകൾ എത്തും അല്ലാതെ ബഡ്ജറ്റ് കൂട്ടിയിട്ട് കാര്യമില്ല. ചിലർ വ്യത്യസ്തമായ പ്രമേയത്തിന് വേണ്ടി കൊറിയൻ ചിത്രങ്ങൾ ഇരുന്നു കാണുന്നുണ്ട്, എന്നാൽ അവയൊന്നും തമിഴ് സംസ്കാരത്തിന് യോജിക്കുന്ന രീതിയിൽ പരിഭാഷപ്പെടുത്താൻ അവർക്ക് സാധിക്കുന്നില്ല. തമിഴ് സിനിമയ്ക്ക് അനുയോജ്യമായി ജീവൻ ഉള്ള കഥകൾ കൊണ്ടുവന്നാൽ തിയേറ്ററിൽ സിനിമ നന്നായി ഓടും,’ ടി രാജേന്ദർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ലോക മലയാളത്തിലെ ആദ്യ 300 കോടി ക്ലബ് എന്ന നേട്ടം സ്വന്തമാക്കിയത്. കാന്താര 500 കോടിയും. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രമായ ലോക: ചാപ്റ്റര്‍ 1 – ചന്ദ്ര. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്നീ നേട്ടങ്ങള്‍ക്ക് പുറമേ, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മുന്‍നിര ചിത്രങ്ങളെ മറികടന്നാണ് 300 കൊടിയെന്ന നേട്ടം ലോക സ്വന്തമാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 28 നായിരുന്നു ലോക തീയേറ്ററുകളിലെത്തിയിരുന്നത്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം റിലീസ് ചെയ്ത ആദ്യ 40 ദിവസങ്ങളിൽ 299.9 കോടി രൂപ കടന്നതായും അതിനുശേഷം 300 കോടി മറികടന്നതായും സാക്നിൾക്കാണ് റിപ്പോർട്ട് ചെയ്തത്. ലോക ചാപ്റ്റര്‍ 2 ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ടൊവിനോ ആയിരിക്കും ഇതിലെ കേന്ദ്ര കഥാപാത്രം. മൈക്കല്‍ എന്ന് പേരുള്ള ചാത്തനായാണ് ടൊവിനോ എത്തുക. ദുല്‍ഖര്‍ സല്മാന് ചാര്‍ലി എന്ന പേരുള്ള ഒടിയനായും ചിത്രത്തിലെത്തിയേക്കും. ലോക ചാപ്റ്റര്‍ 1 ലും ഇരുവരും ചെറുവേഷത്തില്‍ എത്തിയിരുന്നു. കല്യാണി പ്രിയദര്‍ശനേയും രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കാം.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.