“രാവണപ്രഭുവിൽ കട്ട് വരില്ല, കട്ടുകൾ എവിടെ വരണമെന്ന് അവർക്ക് കൃത്യമായ നിലപാടുണ്ട്”; ബി ഉണ്ണികൃഷ്ണൻ

','

' ); } ?>

ഷെയിൻ നിഗം ചിത്രം “ഹാൽ” ന് സർട്ടിഫിക്കറ്റ് നിഷേധിച്ച സെൻസർ നടപടിയിൽ പ്രതിഷേധമറിയിച്ച് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ. മലയാള സിനിമകൾക്ക് നേരെയാണ് സ്ഥിരമായി ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അതിൽ കൃത്യമായ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. റിപ്പോർട്ടർ ടീവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“അവർ സിനിമ കണ്ടിട്ട് യാതൊരു വിധമുള്ള യുക്തിയുമില്ലാത്ത ഭേദഗതികൾ പറയുകയാണ്. പക്ഷെ അതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാൽ അതെല്ലാം ഇപ്പോഴും മലയാള സിനിമയ്ക്ക് നേരെ മാത്രമാണ് വരുന്നത്. ഇത് സിനിമയുടെ നിലനിൽപ്പിന് ഒരു ഭീഷണിയാണ്. തുടർച്ചയായി ഇത് മലയാള സിനിമ നേരെ ഉണ്ടാകുന്നു എന്നതും ഓർക്കണം. രാവണപ്രഭുവിൽ കട്ട് വരില്ല എന്നതിന്റെ തെളിവാണല്ലോ അതിന്റെ റീ റിലീസ്. കട്ടുകൾ എവിടെയാണ് വരേണ്ടത് എന്നതിൽ ഒരു നിലപട് അവർക്ക് കൃത്യമായി ഉണ്ട്”, ബി ഉണ്ണികൃഷ്ണൻ

ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നതും ഉൾപ്പടെ 15 രംഗങ്ങൾക്ക് വിചിത്രമായ കാരണങ്ങൾ ചൂണ്ടിയാണ് ബോർഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കെ വന്ന നടപടിക്കെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ ജെവിജെ പ്രൊഡക്ഷൻസാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉൾപ്പെടെ 15 രംഗങ്ങൾ നീക്കം ചെയ്യുകയും, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് പറഞ്ഞത്.

സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്‌കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ‌, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻ്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് മാറ്റിയത്. ജാനകിയെന്നത് രാമായണത്തിലെ സീതയുടെ പേരാണെന്ന വിചിത്രമായ കാരണമാണ് അന്ന് സെൻസർ ബോർഡ് പറഞ്ഞത്. നേരത്തേ മോഹൻലാൽ ചിത്രം എമ്പുരാനും വിവാദമായിരുന്നു. ചിത്രത്തിൽ നിന്ന് ഏതാനും രംഗങ്ങൾ വെട്ടിമാറ്റുകയും പേര് മാറ്റുകയും ചെയ്‌തശേഷം വീണ്ടും സെൻസർ ചെയ്യുകയായിരുന്നു.