“സിനിമയുടെ മേലുള്ള ഈ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്കാര സ്വാതന്ത്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം”; സന്തോഷ് ടി. കുരുവിള.

','

' ); } ?>

ഷെയിൻ നിഗം ചിത്രം “ഹാൽ” ന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ വിമർശനവുമായി നിർമാതാവ് സന്തോഷ് ടി. കുരുവിള.
സെൻസർ നൂലാമാലകളിൽ പെട്ട് സിനിമ റിലീസ് തീയതി പ്രഖ്യാപിക്കാൻ കഴിയുന്നില്ലെന്ന് സന്തോഷ് ടി. കുരുവിള പറഞ്ഞു. കൂടാതെ “സിനിമയുടെ മേലുള്ള സെൻസർ ബോർഡിന്റെ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം തന്നെയാണെന്ന് സന്തോഷ് ടി. കുരുവിള കൂട്ടിച്ചേർത്തു.

“ഞാൻ ആ സിനിമ കണ്ടതാണ്. സിനിമ തിരഞ്ഞെടുത്തിരിക്കുന്നത് വളരെ പ്രസക്തിയുള്ള ഒരു സാമൂഹിക വിഷയമാണ്, ആനുകാലിക രാഷ്ട്രീയത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള വിഷയം കൂടിയാണത്. ഈ നാട്ടിലെ ഫിലിം മേക്കേഴ്സിനെ ചില സാമൂഹിക യാഥാർഥ്യങ്ങൾ പറയാൻ അനുവദിക്കണം എന്ന് തന്നെയാണ് എനിക്ക് ബന്ധപ്പെട്ട അധികാരികളോട് അഭ്യർഥിക്കാനുള്ളത്.
ഞാനടക്കമുള്ള നിർമാതാക്കൾ വളരെയധികം ആശങ്കയിലാണ്, ഷൂട്ട് തീർന്നതിനു ശേഷമാകും കോടികൾ മുടക്കിയെടുത്ത ഒരു ചിത്രത്തിനുമേൽ കട്ടിങും ഷേവിങും നടത്താൻ നിർബന്ധിതമാവുന്നത്, വളരെ സങ്കടകരമാണ്”. സന്തോഷ് ടി. കുരുവിള പറഞ്ഞു.

“സാങ്കേതിക വിദ്യ ഇത്രമേൽ വികസിച്ച ഈ കാലത്ത്, കാലദേശഭേദമെന്യേ ‘കണ്ടൻ്റുകൾ’ ഇങ്ങനെ കുത്തിയൊഴുകുന്ന കാലത്ത് എന്താണ് ഈ ദാക്ഷണ്യമില്ലാത്ത സെൻസറിങിന്റെ പ്രസക്തി എന്ന് മനസ്സിലാവുന്നില്ല. വിമർശനങ്ങളോ, കടുത്ത വിമർശനങ്ങളോ ഇനി അതിരറ്റ വിമർശനങ്ങളോ ഒന്നും ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയോ ഭദ്രതയെയോ ഒന്നും ബാധിക്കാൻ പോവുന്നില്ല എന്നതല്ലേ യാഥാർഥ്യം ?
സിനിമയുടെ മേലുള്ള ഈ കത്രികപ്പൂട്ട് അഭിപ്രായ സ്വത്രന്ത്യത്തിനും ആവിഷ്കാര സ്വാതന്ത്യത്തിനും മേലുള്ള ശരിയായ കടന്നുകയറ്റം തന്നെയാണ്, ഹാൽ എന്ന ചിത്രം യാതൊരു വിധ മുറിവുകളുമേൽക്കാതെ പുറത്തിറങ്ങേണ്ടത് എല്ലാ കലാ സ്നേഹികളുടേയും ആഗ്രഹമാണ്. ഈ സാഹചര്യത്തോട് പ്രതിഷേധിക്കുന്നു.” സന്തോഷ് ടി. കുരുവിള കൂട്ടിച്ചേർത്തു.

ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നതും ഉൾപ്പടെ 15 രംഗങ്ങൾക്ക് വിചിത്രമായ കാരണങ്ങൾ ചൂണ്ടിയാണ് ബോർഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കെ വന്ന നടപടിക്കെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ ജെവിജെ പ്രൊഡക്ഷൻസാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉൾപ്പെടെ 15 രംഗങ്ങൾ നീക്കം ചെയ്യുകയും, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരോട് പറഞ്ഞത്.

സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്‌കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ‌, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻ്റർടെയ്‌നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് മാറ്റിയത്. ജാനകിയെന്നത് രാമായണത്തിലെ സീതയുടെ പേരാണെന്ന വിചിത്രമായ കാരണമാണ് അന്ന് സെൻസർ ബോർഡ് പറഞ്ഞത്. നേരത്തേ മോഹൻലാൽ ചിത്രം എമ്പുരാനും വിവാദമായിരുന്നു. ചിത്രത്തിൽ നിന്ന് ഏതാനും രംഗങ്ങൾ വെട്ടിമാറ്റുകയും പേര് മാറ്റുകയും ചെയ്‌തശേഷം വീണ്ടും സെൻസർ ചെയ്യുകയായിരുന്നു.