വാഹനക്കടത്ത്; നടന്മാരോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം, ഉടൻ നോട്ടീസ് നൽകും

','

' ); } ?>

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകുമെന്നറിയിച്ച് ഇഡി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാകും ഹാജരാകാൻ ആവശ്യപ്പെടുക. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഇന്നലെ താരങ്ങളുടെ വീട്ടിൽ റെയിഡ് നടന്നുകൊണ്ടിരിക്കെ ദുൽഖർ സൽമാനെ ഇ ഡി കൊച്ചിയിലേക്ക് വിളിപ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.

ഇന്നലെ മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീട്ടിലായിരുന്നു ഇഡി റെയിഡ് നടത്തിയിരുന്നത്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തിയിരുന്നു. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടത്തി. നിലവിൽ കടവന്ത്രയിലെ വീട്ടിലാണ് ദുൽഖറും താമസിക്കുന്നത്. ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന നടത്തിയിരുന്നത്. ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി അറിയിച്ചത്.

നേരത്തെ കസ്റ്റംസ് ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി പിടിച്ചെടുത്തത് 33 വാഹനങ്ങളാണ്. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് ദുൽഖർ സൽമാന്‍ നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കസ്റ്റംസ് പിടിച്ചെടുത്ത  വാഹനം വിട്ടുനല്‍കണമെന്ന നടന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് നിർദ്ദേശിക്കുകയും ചെയ്തു. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് ഓവർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജിയിലായിരുന്നു കോടതിയുടെ തീരുമാനം. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞു. ദുൽഖർ സൽമാനെതിരായ കേസിലെ അന്വേഷണ വിവരങ്ങൾ കസ്റ്റംസ് മുദ്ര വെച്ച കവറിൽ ജഡ്ജിക്ക് കൈമാറിയിട്ടുണ്ട്.