
‘കാന്താര: ചാപ്റ്റർ 1’ സിനിമയുടെ പ്രീമിയർ ഷോയിൽ വികാരാധീനയായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി ഷെട്ടി. പ്രീമിയർ വേദിയിൽ കണ്ണീരണിഞ് മുഖം താരത്തെ ഋഷഭ് ഷെട്ടിയെ കെട്ടിപിടിച്ചു നിൽക്കുന്ന പ്രഗതിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ചിത്രത്തിൻ്റെ കോസ്‌റ്റ്യൂം ഡിസൈനറായി പ്രഗതി പ്രവർത്തിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി ഋഷഭ് കുടുംബത്തെ പിരിഞ്ഞ് കാടിനുള്ളിൽ താമസിച്ചിരുന്നതായി താരം തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രഗതി ഷെട്ടിക്ക് സിനിമയുടെ വിജയം വ്യക്തിപരമായി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ നിമിഷം വ്യക്തമാക്കുന്നു എന്നൊക്കെയാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.
ചിത്രത്തിന്റെ പ്രീമിയർ ഷോയുടെ അവസാന നിമിഷങ്ങളിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. പ്രീമിയർ ഷോയ്ക്ക് ശേഷം നിറഞ്ഞ കൈയ്യടികൾക്കിടയിൽ കാണികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഋഷഭ് ഷെട്ടി. ഈ സമയത്താണ് കറുത്ത സാരി ധരിച്ച പ്രഗതി ഷെട്ടി പിന്നിൽ നിന്ന് ഋഷഭിനെ കെട്ടിപ്പിടിച്ചത്. ഋഷഭ് തിരിഞ്ഞ് പ്രഗതിയെ ചേർത്തു പിടിക്കുന്നതും വീഡിയോയിൽ കാണാം.
2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായിട്ടാണ് ‘കാന്താര: ചാപ്റ്റർ 1’ ഒരുക്കിയിരിക്കുന്നത്. കർണാടകയിലെ കദംബ രാജവംശത്തിന്റെ കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രാദേശിക സംസ്കാരം, വാസ്തുവിദ്യ, നാടോടി പാരമ്പര്യങ്ങൾ എന്നിവയിലേക്ക് ആഴ്ന്നിറങ്ങുന്ന ചിത്രം 500-ൽ അധികം പോരാളികളും 3000ത്തോളം പേരും പങ്കെടുത്ത ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രംഗങ്ങളുള്ള ചിത്രം കൂടിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. രുക്മിണി വസന്ത് ആണ് കാന്താര ചാപ്റ്റർ വണ്ണിൽ നായിക. ഋഷഭ് ഷെട്ടിക്ക് പുറമെ ജയറാം, കിഷോര്‍, പ്രമോദ് ഷെട്ടി, ഗുല്‍ഷന്‍ ദേവയ്യ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.