
വയലിനിൽ സംഗീതത്തിന്റെ മാസ്മരികത തീർക്കുന്ന മായാജാലക്കാരൻ ‘ബാല ബാസ്ക്കറിന്റെ’ ഓർമ്മകൾക്ക് ഇന്ന് 7 വയസ്സ്. സംഗീത ലോകത്തിന്റെ ഏറ്റവും കനമുള്ള നഷ്ടങ്ങളിൽ ഇപ്പോഴും അയാളുടെ പേരിനൽപ്പം കട്ടി കൂടുതലാണ്. ഫ്യൂഷൻ സംഗീതത്തിന് പേരുകേട്ട ഇന്ത്യൻ വയലിനിസ്റ്റും സംഗീതസംവിധായകനും റെക്കോർഡ് പ്രൊഡ്യൂസറുമായ ബാല ഭാസ്കർ. 17-ആം വയസ്സിൽ മംഗല്യപല്ലക്ക് എന്ന ചിത്രത്തിന് സംഗീതം നൽകിയതോടെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. 2018 ഒക്ടോബര് 2 ന് ഒരു പിടി മികച്ച ഗാനങ്ങളെ ശൂന്യതയിലൊയൊളിപ്പിച്ച് അയാൾ ലോകത്തോട് വിട പറഞ്ഞു. നഷടങ്ങളിലേക്ക് ചേർത്തു വെക്കുമ്പോഴും അയാൾ ജീവൻ നൽകിയ ഗാനങ്ങൾ ഏറ്റവും മനോഹരമായി അയാളെ ഓർമ്മിപ്പിച്ച് കൊണ്ടിരുന്നു. അനശ്വര കലാകാരൻ ബാലഭാസ്ക്കറിന് സെല്ലുലോയ്ഡിന്റെ ഓർമപ്പൂക്കൾ.
1978 ജൂലൈ 10-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ച ബാലഭാസ്കർ, ശാന്തകുമാരി (സംഗീത അധ്യാപിക)യുടെയും സി.കെ. ഉണ്ണി (പോസ്റ്റ് മാസ്റ്റർ)യുടെയും മകനായിരുന്നു. സംഗീതപരമായി സമ്പന്നമായ ഒരു കുടുംബത്തിലാണ് ബാലഭാസ്കർ ജനിച്ചത്. അമ്മാവനായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാർ അദ്ദേഹത്തെ മൂന്നാം വയസ്സിൽ തന്നെ കർണാടക സംഗീതത്തിന്റെ ലോകത്തേക്ക് പരിചയപ്പെടുത്തി. ആ ചെറിയ കൈകളിൽ സ്പർശിച്ച വയലിൻ, പിന്നീടൊരു സംഗീത യാത്രയുടെ വഴികാട്ടിയായി മാറി. പന്ത്രണ്ടാം വയസ്സിൽ തന്നെ ബാലഭാസ്കർ സ്റ്റേജ് ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ബാലപ്രതിഭയായി വളർന്ന ബാലു, പതിനേഴാം വയസ്സിൽ മംഗല്യ പല്ലക്ക് (1997) എന്ന മലയാള സിനിമയ്ക്ക് സംഗീതം നൽകി. അതോടെ മലയാള സിനിമാ ലോകം കണ്ട ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനെന്ന പദവി അദ്ദേഹത്തിന് ലഭിച്ചു.
ബാലഭാസ്കറിന്റെ സംഗീതത്തിന് പ്രത്യേകമായ ഒരു ഭാവം ഉണ്ടായിരുന്നു. കർണാടക സംഗീതത്തിന്റെ ആഴവും, പാശ്ചാത്യ സംഗീതത്തിന്റെ സ്വാതന്ത്ര്യവുമൊന്നിച്ച ഒരു സംയോജനം. “നിനക്കായ്”, “ആദ്യമായി”, “മഴയിലാരോ” പോലുള്ള ആൽബങ്ങൾ മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗാനശേഖരങ്ങളായി മാറി. അദ്ദേഹത്തിന്റെ സംഗീതം കേൾക്കുമ്പോൾ പ്രണയത്തിന്റെ മൃദുലമായ സ്പർശം, ജീവിതത്തിന്റെ ചിറകുതഴിച്ചുയരൽ, ഭാവുകത്വത്തിന്റെ സ്പന്ദനം എല്ലാം ഒരുപോലെ അനുഭവിക്കാമായിരുന്നു.
2008-ൽ, കേന്ദ്ര സംഗീത നാടക അക്കാദമി നൽകി വരുന്ന ‘ബിസ്മില്ലാ ഖാൻ യുവ സംഗീത പുരസ്കാരം’ അദ്ദേഹത്തെ തേടി എത്തി. വയലിനിലെ വൈദഗ്ദ്ധ്യം, സംഗീതത്തിലെ പുതുമകൾ തേടിയുള്ള സമീപനം, എല്ലാം ചേർന്ന് അദ്ദേഹത്തെ ഒരു ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട കലാകാരനാക്കി മാറ്റി.
ബാലഭാസ്കർ തന്റെ സംഗീതം ഒരിക്കലും തനിക്ക് ചുറ്റും മാത്രം ഒതുക്കിയിരുന്നില്ല. ഉസ്താദ് സാക്കിർ ഹുസൈൻ, ശിവമണി, ലൂയിസ് ബാങ്ക്സ്, വിക്കു വിനായക്രം, ഹരിഹരൻ, ഫസൽ ഖുറേഷി തുടങ്ങി ലോകപ്രശസ്ത കലാകാരന്മാരോടൊപ്പം സ്റ്റേജ് പങ്കിട്ടത് അദ്ദേഹത്തിന്റെ കഴിവിനും അംഗീകാരത്തിനും തെളിവാണ്. 2011-ൽ പുറത്തിറങ്ങിയ “ലെറ്റ് ഇറ്റ് ബി” എന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ ആൽബം, അദ്ദേഹത്തിന്റെ സംഗീത സ്വപ്നത്തിന്റെ പര്യായമായി. ഇന്ത്യൻ വയലിനിന്റെ ചുറ്റും റോക്ക്, ജാസ്, ഹിപ്-ഹോപ്പ്, ടെക്നോ തുടങ്ങി പല രീതികളുടെ സംഗീതം ചേർത്തുകൊണ്ട് അദ്ദേഹം സൃഷ്ടിച്ച അതുല്യമായ ശബ്ദാനുഭവം ഇന്നും ശ്രോതാക്കളെ വിസ്മയിപ്പിക്കുന്നു. സംഗീതത്തിനപ്പുറം, സംസ്കൃത ഭാഷയെ ആശയവിനിമയത്തിന്റെ ഭാഷയായി പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു. “ഭജതി” പോലുള്ള കർണാടക കീർത്തനങ്ങളുടെ ആധുനിക രൂപങ്ങൾ ലോകത്തിന്റെ വിവിധ വേദികളിൽ ഇന്ത്യൻ സംഗീതത്തിന്റെ ഭംഗി വീണ്ടും തെളിയിച്ചു.
2008 – ബിസ്മില്ലാ ഖാൻ യുവ സംഗീത പുരസ്കാരം (വയലിൻ വിഭാഗം). ദേശീയവും അന്തർദേശീയവുമായ നൂറുകണക്കിന് സ്റ്റേജ് ഷോകളിൽ കലാകാരൻ എന്ന നിലയിൽ അംഗീകാരം. “യുവ പ്രതിഭ”യിൽ നിന്ന് “ഫ്യൂഷൻ സംഗീതത്തിന്റെ മുഖം” വരെ ഉയർന്ന ഒരാൾ. തുടങ്ങിയ പുരസ്കാരങ്ങളും വിശേഷണങ്ങളും അദ്ദേഹത്തിന് സ്വന്തം
2000-ൽ തന്റെ ദീർഘകാല പ്രണയിനിയായ ലക്ഷ്മിയെ അദ്ദേഹം വിവാഹം ചെയ്തു. ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം 2016 ഏപ്രിലിൽ ജനിച്ച തേജസ്വിനി ബാല ആയിരുന്നു. എന്നാൽ വിധി ക്രൂരമായിരുന്നു. 2018 സെപ്റ്റംബർ 25-ന് പുലർച്ചെ, തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഭാര്യക്കും മകൾക്കും ഗുരുതര പരിക്കേറ്റു. മകൾ തേജസ്വിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ബാലഭാസ്കർ ജീവൻ നിലനിർത്തി, എന്നാൽ 2018 ഒക്ടോബർ 2-ന് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വെച്ച് അദ്ദേഹവും വിട പറഞ്ഞു.
അദ്ദേഹത്തിൻറെ മരണത്തിൽ പല തരത്തിലുള്ള ആരോപണങ്ങളും ഉയർന്നു. കുടുംബാംഗങ്ങൾ പോലും “അപകടം മാത്രം അല്ല, ഗൂഢാലോചനയാണ്” എന്ന സംശയം പ്രകടിപ്പിച്ചു. അതിന്റെ തുടർച്ചയായി, 22 മാസങ്ങൾക്ക് ശേഷം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കേസ് ഏറ്റെടുത്തു. ഇന്നും അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരങ്ങൾ ഇല്ല.
വയലിനിൽ നിന്ന് ഒഴുകിയ കർണാടക സംഗീതത്തിന്റെ ആത്മീയതയും പാശ്ചാത്യത്തിന്റെ ഭംഗിയും ചേർന്ന സ്വരമാണ് ഇന്ത്യൻ സംഗീത ലോകത്തിനു അദ്ദേഹം സമ്മാനിച്ചത്. സംഗീതത്തിന്റെ ഭാഷയ്ക്ക് അതിരുകളില്ലെന്നു തെളിയിച്ച ധീരമായ പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഓരോ ശ്രോതാവിനെയും നേരിട്ട് സ്പർശിക്കുന്ന അത്ഭുതകരമായ വികാരശക്തി. ഇന്നും മലയാളികളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തിന്റെ വയലിനിന്റെ സംഗീതം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഓരോ പ്രണയഗാനത്തിലും, ഓരോ സ്റ്റേജ് ഷോയിലും, ഓരോ സംഗീത പരിപാടിയിലും, നമ്മൾ അദ്ദേഹത്തെ ഓർക്കും, അയാളുടെ നഷ്ടത്തിൽ ഹൃദയത്തിലൊരു വേദന ഉണരും. സംഗീതം മനുഷ്യന്റെ ജീവിതത്തെ മറികടന്ന് എന്നും നിലനിൽക്കുന്നതാണ്. വയലിന്റെ താരങ്ങൾ ഇപ്പോൾ മൗനമായാലും, ബാലഭാസ്കറിന്റെ ആത്മാവ് ഇന്നും സംഗീതത്തിന്റെ തരംഗങ്ങളായി നമ്മിലേക്കെത്തുന്നുണ്ട് .
“ബാലു ഇല്ല, പക്ഷേ ബാലുവിന്റെ സംഗീതം ഉണ്ട്. അതാണ് അദ്ദേഹത്തിന്റെ നിത്യജീവിതം.” ഒരിക്കൽ കൂടി സംഗീതത്തിന്റെ മായാ ജാലക്കാരന് ഓർമപ്പൂക്കൾ.