“പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറയുന്നത്, മെക്സിക്കൻ അപാരത സാങ്കൽപ്പിക കഥ”; സംവിധായകൻ ടോം ഇമ്മട്ടി

','

' ); } ?>

ടൊവിനോ തോമസ് ചിത്രം ‘ഒരു മെക്സിക്കൻ അപാരത’ യെ കുറിച്ചുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പ്രസ്താവനയെ എതിർത്ത് ചിത്രത്തിന്റെ സംവിധായകൻ ടോം ഇമ്മട്ടി. പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറഞ്ഞതെന്നും, ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന ചെഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ്, ഈ കഥയ്ക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പച്ചക്കള്ളമാണ് രൂപേഷ് പീതാംബരൻ പറഞ്ഞത്. ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം ഒരിക്കലും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതല്ല. ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന ചെഗുവേരയ്ക്ക് ഫിദൽ കാസ്ട്രോയുടെയുടെ ആശയങ്ങളിലൂടെ ഉണ്ടായ പരിവർത്തനമാണ്, ഈ കഥയ്ക്ക് പ്രചോദനമായത്. മാത്രമല്ല ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആണ് ആദ്യം ഉണ്ടാകുന്നത്. ജൂഡ് ആന്റണിയുടെ തിരക്കഥയിലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന് ഇടാൻ വെച്ചിരുന്ന പേരായിരുന്നു അത്”. ടോം ഇമ്മട്ടി പറഞ്ഞു.

“ടൊവിനോ തോമസിനെ കാസ്റ്റ് ചെയ്യാൻ രൂപേഷാണ് പറഞ്ഞതെന്നും, നിർമ്മാതാവ് ടൊവിനോയെ മാറ്റാൻ നിർദേശിച്ചു എന്നുമെല്ലാമുള്ള രൂപേഷിന്റെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്” ടൊവിനോയെ നിർദേശിച്ചത് അദ്ദേഹമാണെങ്കിൽ പിന്നീട് ഒരിക്കൽ പോലും ഒരു സംവിധായകനായ രൂപേഷ് പീതാംബരന് ഡേറ്റ് കൊടുക്കാത്തതെന്താണ്?. സിനിമ മുന്നോട്ട് പോയപ്പോൾ തങ്ങൾക്കെല്ലാം അതിനൊത്ത് മുന്നോട്ട് പോകാനായില്ല, ആളുകൾ മാറുമല്ലോ അതൊക്കെയാവാം രൂപേഷ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം.

ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ ഉള്ളടക്കം മഹാരാജാസ് കോളേജിൽ SFIയുടെ ആധിപത്യത്തിന് മേൽ KSU നേടിയ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്നും, പിന്നീട് വാണിജ്യ സാധ്യതയ്ക്കായി SFIയുടെ വീക്ഷണകോണിൽ കഥ പറയുകയായിരുന്നു എന്നായിരുന്നു രൂപേഷ് പീതാംബരന്റെ പ്രസ്താവന.