
‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഖിൽ മാരാരുടെ പരാമർശങ്ങൾക്ക് മറുപടി നൽകി ചിത്രത്തിൻ്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോൺ. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് അഖിൽ മാരാർ പറഞ്ഞതെന്ന് ബാബു ജോൺ വ്യക്തമാക്കി. കൂടാതെ സിനിമയ്ക്ക് ആളു കയറുന്നില്ല എന്നു കണ്ടപ്പോൾ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖിൽ മാരാറിന്റെ പ്രസ്താവനയെന്നും, പ്രേക്ഷകർ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്നും ബാബു ജോൺ കൂട്ടിച്ചേർത്തു. തന്റെ സമൂഹ മാധ്യമ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
”മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന സിനിമയെ കുറിച്ച്തി കച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് അഖിൽ മാരാർ പറഞ്ഞിരിക്കുന്നത്.
വയനാട് വീട് വെച്ച് കൊടുക്കുന്നതിനെക്കുറിച്ച് ഒരു വിഷയവും സ്റ്റാർഗേറ്റ് പ്രൊഡക്ഷന് അറിവുള്ളതല്ല. തന്നെയുമല്ല ഈ സിനിമയിൽ അഭിനയിച്ചതിൻ്റെ പ്രതിഫലം അദ്ദേഹം ഡബ്ബിങ്ങിന് മുന്നേ വാങ്ങിച്ചിട്ടുണ്ട്. സിനിമ വിജയിക്കാത്തതിൽ ഞങ്ങളുടെ നിരീക്ഷണത്തിൽ മനസ്സിലായ കാര്യം, അനാവശ്യ സ്ഥലങ്ങളിൽ ഉള്ള പരാമർശം മൂലം എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും ഒരുപോലെ വെറുപ്പിച്ചു എന്നതാണ്. കാശ്മീരിൽ വെടിവെപ്പിൽ ആളുകൾ മരിച്ചപ്പോൾ രാജ്യത്തിന് എതിരായി പറഞ്ഞിട്ട് കേസ് ആയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു ആഹ്വാനം ചെയ്ത് പാർട്ടിക്കാരുടെ ശത്രുത നേടി. ഒടുവിൽ യുവനേതാവിനെതിരെ രംഗത്ത് വന്നു വേറേയും ശത്രുക്കൾ ഉണ്ടാക്കി. ഈ സമയത്തൊക്കെ പ്രൊഡക്ഷൻ ടീം അദ്ദേഹത്തെ വിലക്കിയിരുന്നു. അതുകൊണ്ടുതന്നെ പല സ്ഥലത്തും സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാണ് ഉണ്ടായത്. സിനിമയ്ക്ക് ആളു കയറുന്നില്ല എന്ന് കണ്ടപ്പോൾ പ്രൊഡക്ഷന്റെയും ഡയറക്ടറേയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് ഇത്തരം പ്രസ്താവനകൾ’. ബാബു ജോൺ കുറിച്ചു.
‘പ്രേക്ഷകർ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാ നിരൂപകനുമായുള്ള വിഷയത്തിൽ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതും, കൊച്ചി ആസ്ഥാനമായി സിനിമ പ്രൊമോഷൻ ചെയ്യുന്ന ഓൺലൈൻ ചാനലുകാർ എല്ലാവരേയും കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ട കാരണം അഖിൽ മാരാരിൻ്റെ ഒരു വീഡിയോസും അവർ കൊടുക്കില്ല എന്ന് തീർത്തു പറയുകയും അവർ പറഞ്ഞത് പ്രകാരം ട്രെയിലർ ലോഞ്ച് സമയത്തുള്ള വിഡിയോസിൽ അദ്ദേഹത്തിന്റെ മുഖം ബ്ലർ ആക്കിയിട്ടാണ് കൊടുത്തത്. അറിയപ്പെടുന്ന ചാനലുകാർ ആരും കൊടുത്തതും ഇല്ല. സിനിമ റിലീസ് സമയത്തും അവർ പറഞ്ഞു ഞങ്ങളെ കുറ്റം പറഞ്ഞ ആളിൻ്റെ സിനിമയുടെ പ്രൊമോഷന് ഞങ്ങൾ വരില്ല എന്ന്. അവസാനം അഖിൽ മാരാർ അദ്ദേഹത്തിന്റെ നാട്ടിൽ കൊട്ടാരക്കരയിൽ ആണ് സിനിമ കണ്ടത്.സത്യാവസ്ഥ ഇതൊക്കെ ആയിരിക്കെ, അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന തികച്ചും സിനിമയുടെ പരാജയത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം മാത്രമാണ്’.ബാബു ജോൺ കൂട്ടിച്ചേർത്തു.
“മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന സിനിമയുടെ പരാജയത്തെ കുറിച്ചും, എന്ത് കൊണ്ട് ചിത്രം ചെയ്തുവെന്നതിനെ കുറിച്ചും കഴിഞ്ഞ ദിവസം
അഖിൽ മാരാർ പോസ്റ്റ് പങ്കു വെച്ചിരുന്നു. കടക്കെണിയിൽ ആയിപ്പോയ നിർമാതാവിനെ സഹായിക്കാം എന്ന തീരുമാനത്തിലാണ് “മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന സിനിമയിൽ നായകനായി അഭിനയിച്ചതെന്നായിരുന്നു അഖിൽ മാരാരുടെ പ്രസ്താവന. തന്നെ നായകനാക്കി സിനിമ മാർക്കറ്റ് ചെയ്യരുതെന്ന് അണിയറ പ്രവർത്തകരോടു പറഞ്ഞിരിന്നുവെന്നും ഒരു ഉദ്ഘാടനം ചെയ്താൽ തനിക്ക് കിട്ടുന്ന ശമ്പളമാണ് 20 ദിവസത്തെ അഭിനയത്തിനായി വാങ്ങിയതെന്നും അഖിൽ മാരാർ വ്യക്തമാക്കി. സംവിധായകനും ക്യാമറാമാനും എഡിറ്റർക്കും സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മറ്റു പലർക്കും ഇല്ലാത്ത സകല കുറ്റങ്ങളും തന്റെ തലയിൽ കെട്ടിവച്ചെന്നും അഖിൽ ആരോപിച്ചിരുന്നു.