
കലാഭവൻ നവാസും ഭാര്യ രഹ്നയും ഒന്നിച്ചഭിനയിച്ച ഇഴ എന്ന സിനിമയെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് മക്കൾ. ചിത്രം യൂട്യൂബിലൂടെ കണ്ട ആളുകളുടെ എണ്ണം 20 ലക്ഷം പിന്നിട്ട അവസരത്തിലായിരുന്നു മക്കളുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു കുറിപ്പ് പങ്കുവെച്ചത്.
“വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും “ഇഴ” സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു. വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു. പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്”. എന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നവാസിനെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് വിഷമഘട്ടത്തിലും ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ സിറാജ് റെസ പ്രതികരിച്ചിരുന്നു. ഓഗസ്റ്റ് ആദ്യമാണ് കലാഭവൻ നവാസും ഭാര്യ രഹ്നയും ഒന്നിച്ചഭിനയിച്ച ഇഴ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. ‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലൂടെയാണ് നവാസ് ആദ്യമായി സിനിമയിലെത്തുന്നത്. ഈ ചിത്രത്തിലും നവാസും രഹ്നയുമായിരുന്നു നായികയും നായകനുമായെത്തിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നവാസിനെ ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു നവാസ് കുഴഞ്ഞു വീണത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.