
ട്രെയ്ലർ അപ്ഡേറ്റ് പുറത്തു വിട്ട് ടീം കാന്താര ചാപ്റ്റർ 1. റിപ്പോർട്ടുകൾ പ്രകാരം കാന്താരയുടെ ട്രെയ്ലർ ഈ ആഴ്ച തന്നെ പുറത്തുവരും. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.
2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
നേരത്തെ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്ക് അറിയിച്ചത്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ 55 % ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. തുടർന്ന് വിലക്ക് നീങ്ങുകയും കേരളത്തിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 50 ശതമാനം വിതരണക്കാർക്ക് നൽകാനും തീരുമാനമായി.