
മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രം ലോകയെ അഭിനന്ദിച്ച് സംവിധായകൻ ജീത്തു ജോസഫ്. ‘നല്ല വിഷയമെടുത്ത് നന്നായി എടുത്ത ചിത്രമാണ് ലോക’യെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ‘മമ്മി ആൻഡ് മീ’ എന്ന ചിത്രമെടുക്കാൻ നിർമാതാവിനെ തേടി രണ്ടുകൊല്ലമാണ് നടന്നതെന്നും, എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ മിറാഷിന്റെ റിലീസിനുമുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇപ്പോൾ സിനിമയിൽ സ്ത്രീ കേന്ദ്രീകൃതം, പുരുഷ കേന്ദ്രീകൃതം എന്നുള്ള വേർതിരിവിന്റെ ആവശ്യമില്ല. പ്രേക്ഷകർക്ക് ഇഷ്‌ടപ്പെട്ടാൽ സിനിമ തിയേറ്ററിൽ വിജയിക്കും. അത് എന്നും തെളിയിക്കപ്പെട്ട വസ്‌തുതയാണ് നല്ല വിഷയമെടുത്ത് നന്നായെടുക്കുക എന്നതിലാണ് കാര്യം. അതാണ് ലോകയും ചെയ്‌തത്. ഒരുപാട് പോസിറ്റീവായ കാര്യമാണത്. കേരളത്തിൽ, മലയാള സിനിമാ വ്യവസായത്തിൻ്റെ ഭാഗമായി നിൽക്കുന്നു എന്നതുതന്നെയാണ് ഏറ്റവും ഭാഗ്യം ചെയ്‌ത കാര്യം. നല്ല സിനിമകൾ ചെയ്യാനുള്ള ഇടവും നല്ല പ്രേക്ഷകരും ഇവിടെയുണ്ട്. മലയാളത്തെ മാതൃകയാക്കി മറ്റ് ഭാഷാ ഇൻഡസ്ട്രികളും മാറിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയെ സംബന്ധിച്ച് വളരെ അനുകൂലമായ സമയമാണിത്”. ജീത്തു ജോസഫ് പറഞ്ഞു.
“അന്ന് മമ്മി ആൻഡ് മി എന്ന ചിത്രം ചെയ്യാൻ ഒരു നിർമാതാവിനെ കിട്ടാൻ രണ്ടരക്കൊല്ലം നടന്നു. ഇന്ന് കാലം മാറി. ഒരു ഇൻഡസ്ട്രിയിൽ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങൾ വരണമെന്ന് വിശ്വസിക്കുന്നയാളാണ് താൻ. ഇപ്പോൾ ലോക വന്നു. ഇനി സംഭവിക്കാൻ പോകുന്നതെന്താണെന്നുവെച്ചാൽ ഒരു സൂപ്പർഹീറോ ചിത്രമെടുത്തേക്കാം എന്നുപറഞ്ഞ് കുറേ പേർ വരും. അങ്ങനെ ചെയ്യരുത്. ലോക എന്ന ചിത്രം അവർ ചെയ്തു. അവർ അതിന്റെ അടുത്തത് ചെയ്യും. നമ്മുടെ കയ്യിലുള്ളത് കോമഡി ചിത്രമാണെങ്കിലും. ഡ്രാമയാണെങ്കിലും ആളുകളെ രസിപ്പിക്കുന്നതരത്തിൽ അവതരിപ്പിക്കുകയാണ് വേണ്ടത്. തിയേറ്ററിലെത്തുമ്പോൾ അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടണം. അതിന് തിരക്കഥയിൽ നന്നായി ശ്രദ്ധിച്ചാൽ ഉദ്ദേശിച്ച ഫലം കിട്ടുമെന്നാണ് എന്റെ വിശ്വാസം”. ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.