
നടനും ടിവികെ നേതാവുമായ വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനം ശനിയാഴ്ച രാവിലെ 10.35-ന് തിരുച്ചിറപ്പള്ളിയില്‍ തുടങ്ങും. ‘നിങ്ങളുടെ വിജയ് ഇതാ വരുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പര്യടനം. പരിപാടിയുടെ ലോഗോ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു.ഓഗസ്റ്റ് 21-ന് നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിൻ്റെയും അംഗത്വ വിതരണത്തിന്റെ്റെയും തുടർച്ചയായാണ് വിജയ് സംസ്ഥാന പര്യടനം നടത്തുന്നത്. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 വരെ തുടരും. ശനിയാഴ്ചകളിലും ഏതാനും ഞായറാഴ്‌ചകളിലുമാണ് പര്യടനവും പൊതുസമ്മേളനങ്ങളും നടക്കുന്നത്.
ആദ്യദിനം തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റ് പോലീസ് സ്റ്റേഷനടുത്തുള്ള ഗാന്ധി പ്രതിമയ്ക്കു സമീപത്താണ് പൊതുസമ്മേളനം. അന്നു തന്നെ പെരമ്പലൂർ, അരിയാലൂർ ജില്ലകളിലും പൊതുയോഗമുണ്ടാവും. സെപ്റ്റംബർ 20-ന് നാഗപട്ടണം, തിരുവാരൂർ, മയിലാടുതുറൈ ജില്ലകളിൽ സംസാരിക്കും. സെപ്റ്റംബർ 27-ന് വടക്കൻ ചെന്നൈയിലും ഒക്ടോബർ 25-ന് തെക്കൻ ചെന്നൈയിലും പൊതുയോഗമുണ്ടാവും.
ഡിസംബര്‍ 20-ന് മധുരയിലാണ് സമാപന സമ്മേളനം.തിരുച്ചിറപ്പള്ളിയില്‍ ചത്തിരം ബസ് സ്റ്റാന്‍ഡാണ് ഉദ്ഘാടന വേദിയായി ടിവികെ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിന് പോലീസ് അനുമതി നല്‍കാത്തതുകൊണ്ടാണ് ഗാന്ധി മാര്‍ക്കറ്റിലേക്കു മാറ്റിയത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗം നടത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നു പറഞ്ഞാണ് പോലീസ് എതിര്‍ത്തത്.
എല്ലാ ജില്ലകളിലും കടന്നുചെന്ന് കുടുംബാംഗങ്ങളെ കാണുമെന്നും, ജനവികാരമുള്‍ക്കൊണ്ട് മനഃസാക്ഷിക്കു നിരക്കുന്ന രാഷ്ട്രീയവുമായാണ് ടിവികെ വരുന്നതെന്നും പര്യടനത്തെ കുറിച്ച് വിജയ് പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെയുള്ള സന്ദേശത്തിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം.
അടുത്തവർഷം നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം.സംസ്ഥാന പര്യടനത്തിനും അതിൻ്റെ ഭാഗമായ പൊതുയോഗങ്ങൾക്കും കർശന ഉപാധികളോടെയാണ് തമിഴ്‌നാട് പോലീസ് അനുമതി നൽകിയിരിക്കുന്നത്.