കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ “സൂര്യ പുത്രി”; അമല അക്കിനേനിക്ക് ജന്മദിനാശംസകൾ

','

' ); } ?>

മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് പിന്നീട് കാണാതായ നടിമാരിൽ മലയാളികൾ ഇന്നും ഏറെ ഇഷത്തോടെ ചേർത്തു വെക്കുന്ന നായികമാരിലൊരാളാണ് “അമല അക്കിനേനി”. 90 കളിൽ അപാരമായ സൗന്ദര്യം കൊണ്ടും നൃത്ത വൈഭവം കൊണ്ടും ഭാഷാഭേദമന്യേ അമല ആരാധകരെ സൃഷിട്ടിച്ചിട്ടുണ്ട്. “എന്റെ സൂര്യ പുത്രിക്ക്”, ഉള്ളടക്കം, c /o സൈറാബാനു തുടങ്ങിയ മൂന്നു ചിത്രങ്ങളിൽ മാത്രമാണ് അമല മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. പിന്നീട് തമിഴിലും, തെലുങ്കിലും താരം സജീവമായെങ്കിലും മലയാളികളെന്നും അമലയെ മലയാള നടിമാരുടെ പട്ടികയിൽ ചേർത്തു വെച്ച് കൊണ്ടിരുന്നു. നടൻ നാഗാർജുനയുമായുള്ള വിവാഹ ശേഷം പൂർണമായും സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും പ്രേക്ഷകരൊരിക്കലും അവരെ മറന്നില്ല. കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ മലയാളത്തിന്റെ സൂര്യ പുത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

നടിയും, ഭരതനാട്യം നർത്തകിയും, ഒരു ആക്ടിവിസ്റ്റുമായ അമല 1967 സെപ്റ്റംബർ 12-ന് കൊൽക്കത്തയിലാണ് ജനിച്ചത്. അമല, ഒരു ബംഗാളി നാവിക ഉദ്യോഗസ്ഥന്റെയും ഐറിഷ് മാതാവിന്റെയും മകളാണ്. ബാല്യം കഴിഞ്ഞത് ചെന്നൈയിലാണ്. കലാപ്രേമികളായ മാതാപിതാക്കളുടെ പിന്തുണയിൽ, അമലയുടെ ജീവിതത്തിൽ കല എപ്പോഴും മുൻനിരയിൽ നിന്നു. ചെറുപ്പത്തിൽ തന്നെ അമല ഭരതനാട്യം പഠിച്ചു, പിന്നീട് പ്രശസ്ത കലാക്ഷേത്ര ആർട്സ് ആൻഡ് കൾച്ചറൽ അക്കാദമിയിൽ നിന്ന് ഭരതനാട്യത്തിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ബിരുദം നേടി. ലോകമെമ്പാടും അവർ ഭരതനാട്യം അവതരിപ്പിച്ചു, ഒരു കലാകാരിയായി ആത്മവിശ്വാസം നേടിയെടുത്തു.

അമലയെ സിനിമയിലേക്ക് എത്തിച്ചത് സംവിധായകനും നടനുമായ ടി. രാജേന്ദ്രരാണ്. അദ്ദേഹത്തിന്റെ പ്രേരണയോടെയാണ് 1986-ൽ ‘മൈഥിലി എന്നൈ കാതലി’ എന്ന തമിഴ് ചിത്രത്തിലൂടെ അമല അരങ്ങേറ്റം കുറിക്കുന്നത്. സിനിമ വലിയ വിജയം നേടി, അമലയെ പ്രേക്ഷകർ ഏറ്റെടുത്തു. തുടർന്ന് ‘മെല്ല തിരന്തതു കടവ്’, ‘പനീർ നദിഗൾ’, ‘വേലൈക്കരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായികയായി അമല പ്രത്യക്ഷപ്പെട്ടു.

തമിഴ് സിനിമയിൽ അമല ഒരു ശക്തമായ സാന്നിധ്യമായി മാറി. ‘അഗ്നി നക്ഷത്രം’, ‘വേദം പുധിതു’, ‘മാപ്പിളൈ’, ‘മൗനം സമ്മദം’ പോലുള്ള സിനിമകളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നു. ഭർത്താവ് നാഗാർജുനയ്‌ക്കൊപ്പം അഭിനയിച്ച ‘ശിവ’, ‘നിർണ്ണായകം’ തുടങ്ങിയ തെലുങ്ക് സിനിമകളും സൂപ്പർഹിറ്റുകളായി.

1991-ൽ പുറത്തിറങ്ങിയ ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിലൂടെയാണ് അമല മലയാള സിനിമയിലേക്ക് കടന്നുവന്നത്. തുടർന്ന് ഭരതൻ സംവിധാനം ചെയ്ത ‘ഉള്ളടക്കം’ സിനിമയിലെ രേഷ്മ എന്ന കഥാപാത്രമായി എത്തിയപ്പോൾ, മലയാള പ്രേക്ഷകരുടെ ഹൃദയത്തിൽ അമലക്ക് ഒരിക്കലും മായാത്ത സ്ഥാനം ലഭിച്ചു. ആ ചിത്രത്തിലെ പ്രകടനത്തിന് ഫിലിംഫെയർ അവാർഡ് – മികച്ച നടി (മലയാളം) അവർക്കു ലഭിച്ചു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2017-ൽ ‘സി/ഒ സൈറ ബാനു’യിലൂടെ അവർ മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവന്നെങ്കിലും സജീവമായില്ല.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലേക്കുള്ള പ്രവേശനത്തിനൊപ്പം അമല ഹിന്ദിയിലും ശ്രദ്ധേയമായി. ‘ദയാവാൻ’, ‘ജുറാത്ത്’, ‘ദോസ്ത്’, ‘ഹമാരി അധൂരി കഹാനി’, ‘കർവാൻ’ തുടങ്ങി വിവിധ കഥാപാത്രങ്ങൾ അവർ അവതരിപ്പിച്ചു. കന്നഡ സിനിമയിലെ ‘പുഷ്പക വിമാനം’ പോലുള്ള സൃഷ്ടികൾക്കും അവർ നിറം പകർന്നു.

1992 ജൂൺ 11-ന് അമല പ്രശസ്ത തെലുങ്ക് നടൻ നാഗാർജുനയെ വിവാഹം കഴിച്ചു. 1994-ൽ ഇവർക്ക് മകൻ അഖിൽ അക്കിനേനി ജനിച്ചു. വിവാഹശേഷം അമല സിനിമയിൽ നിന്ന് പിന്മാറി കുടുംബത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും മുൻഗണന നൽകി. ഇന്ന് ഹൈദരാബാദിലെ മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന ബ്ലൂ ക്രോസ് ഓഫ് ഹൈദരാബാദ് എന്ന എൻജിഒയുടെ സഹസ്ഥാപകയാണ് അമല. മൃഗങ്ങൾക്കായുള്ള അഭ്യർത്ഥനയിൽ അവർ ഇന്ത്യയിലെ മുൻനിര പ്രവർത്തകരിൽ ഒരാളായി മാറിയിട്ടുണ്ട്.

20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2012-ൽ തെലുങ്ക് ചിത്രം ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ വഴി അമല അഭിനയരംഗത്തേക്ക് തിരിച്ചെത്തി. ആ ചിത്രത്തിന് ഫിലിംഫെയർ അവാർഡ് – മികച്ച സഹനടി (തെലുങ്ക്) ലഭിച്ചു. പിന്നീട് ‘മനം’, ‘ഒകെ ഒക ജീവിതം’, ‘കർവാൻ’ തുടങ്ങി സിനിമകളിലും ശ്രദ്ധേയമായി.

1989: സിനിമാ എക്സ്പ്രസ് അവാർഡ് – മികച്ച നടി (ഇല്ലം, അഗ്നി നക്ഷത്രം), 1991: ഫിലിംഫെയർ അവാർഡ് – മികച്ച നടി (മലയാളം) – ഉള്ളടക്കം
2013: ഫിലിംഫെയർ അവാർഡ് – മികച്ച സഹനടി (തെലുങ്ക്) – ലൈഫ് ഈസ് ബ്യൂട്ടിഫുൾ, 2013: CineMAA അവാർഡ് – മികച്ച നടി, 2024: ഫിലിംഫെയർ സൗത്ത് നോമിനേഷൻ – മികച്ച സഹനടി (തെലുങ്ക്), തുടങ്ങിയ അവാർഡുകൾ അമല തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ന് അമല അക്കിനേനി ഹൈദരാബാദിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസം പുലർത്തുന്നു. സിനിമയ്ക്കപ്പുറം കല, സമൂഹം, പ്രകൃതി, തുടങ്ങി എല്ലാം ചേർന്നൊരു സമഗ്രജീവിതമാണ് അമല ജീവിക്കുന്നത്. ജന്മദിനത്തിൽ വീണ്ടും സിനിമകളിൽ സജീവമായി ഒരു പിടി മികച്ച വേഷങ്ങൾ അവർക്ക് നല്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.