
തന്റെ തിരക്കഥ മോഷ്ടിച്ച് സിനിമ ചിത്രീകരിച്ചെന്നാരോപിച്ച് പാലക്കാട് അകത്തേത്തറ സ്വദേശി സംവിധായകൻ ഹുസൈൻ അറോണി. ഭാര്യയുമായി ചേർന്ന് തയ്യാറാക്കിയ ‘സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ’ എന്ന സിനിമയുടെ തിരക്കഥ പരുത്തിപ്പുള്ളി സ്വദേശി സുരേന്ദ്രൻ തരൂർ മോഷ്ടിച്ചതെന്നാണ് ആരോപണം.
അഞ്ചു ദിവസത്തെ ചിത്രീകരണത്തിന് ശേഷം നിർമാണച്ചുമതല ഏറ്റെടുത്ത സുരേന്ദ്രൻ തരൂർ തന്നെ പുറത്താക്കി. തുടർന്ന്, അതേ കഥ മറ്റൊരു പേരിൽ പൂർത്തിയാക്കി. കൂടാതെ ഭീഷണിപ്പെടുത്തി തിരക്കഥയുടെ അവകാശം എഴുതി വാങ്ങിയെന്നും നൽകിയിരിക്കേണ്ട പ്രതിഫലവും നിർമാണച്ചെലവും നൽകിയില്ലെന്നും ഹുസൈൻ പറഞ്ഞു. 20 ലക്ഷം രൂപ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, തിരക്കഥയും സംവിധാനാവകാശവും എഴുതി വാങ്ങിയാണ് സിനിമ നിർമ്മിച്ചതെന്ന് സുരേന്ദ്രൻ തരൂർ വ്യക്തമാക്കി. ഇതിനുള്ള പ്രതിഫലം ഹുസൈനു നൽകിയിട്ടുണ്ടെന്നും കഥ, സംഭാഷണം, സന്ദർഭങ്ങൾ എന്നിവ മാറ്റി ‘ഗങ് ഗിലാ ഗിലാ’ എന്ന പേരിൽ പുതുതായി സിനിമ നിർമ്മിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹുസൈന് ഫിലിം ചേംബറിന്റെ വിലക്കുണ്ടായിരുന്നതിനാലാണ് ചിത്രീകരണത്തിൽ നിന്ന് മാറ്റിയതെന്നും സുരേന്ദ്രൻ പറഞ്ഞു.