
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്ത് തൃക്കാക്കര പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ വൈദ്യ പരിശോധനയ്ക്കു ശേഷം വേടനെ വിട്ടയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടർ നൽകിയ പരാതി.
ആരോപണം നില നിൽക്കെ കഴിഞ്ഞ ദിവസം പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിൽ വേടൻ പങ്കെടുത്തിരുന്നു.താന്‍ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നില്‍ ജീവിച്ചു മരിക്കാനാണ് വന്നതെന്നും വേടന് പരിപാടിക്കിടെ പറഞ്ഞു. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്. കൂടാതെ സംഗീത ഗവേഷക നല്‍കിയൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.