മലയാളത്തിന്റെ മാസ്സ് എന്റർടൈൻമെന്റ് മുഖം: രഞ്ജിത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

','

' ); } ?>

മലയാള സിനിമയുടെ ചരിത്രത്തിൽ തിരക്കഥയിലും സംവിധാനത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ച ചില പേരുകൾ ഉണ്ട്. അവയിൽ ഏറ്റവും മുൻനിരയിൽ പറയേണ്ട ഒരാളാണ് രഞ്ജിത്ത് ബാലകൃഷ്ണൻ. 1964 സെപ്റ്റംബർ 5-ന് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ ജനിച്ച രഞ്ജിത്ത് ഇന്ന് അറുപത് വയസ്സിലേക്ക് കടക്കുമ്പോൾ, മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെ വിശാലത വീണ്ടും ഓർത്തെടുക്കേണ്ടതാണ്. മലയാളികൾക്ക് എന്നും ഹൃദയത്തോട് ചേർത്തു വെക്കാൻ ഒരു പിടി മികച്ച ചിത്രം സമ്മാനിച്ച രഞ്ജിത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1985-ൽ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി നേടി. പഠനാനന്തര കാലത്ത് തിരക്കഥ എഴുത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 1987-ൽ പുറത്തിറങ്ങിയ ഒരു മെയ് മാസപുലരിയിൽ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകർക്ക് വേണ്ടി അദ്ദേഹം തിരക്കഥകൾ എഴുതി. എന്നാൽ മലയാള സിനിമയുടെ കഥപറയുന്ന രീതിയെ തന്നെ മാറ്റിമറിച്ച ചിത്രം 1993-ലെ ദേവാസുരം ആയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ ജനപ്രിയവും അനശ്വരവുമാക്കുന്നതിൽ രഞ്ജിത്തിന്റെ തിരക്കഥക്ക് നിർണായക പങ്കുണ്ടായിരുന്നു.

ദേവാസുരത്തിന്റെ വിജയം രഞ്ജിത്തിന് പുതിയ വഴികൾ തുറന്നു. ഷാജി കൈലാസ് – മോഹൻലാൽ സഖ്യത്തിനൊപ്പം ചേർന്ന് അദ്ദേഹം ആറാം തമ്പുരാൻ (1997), നരസിംഹം (2000) തുടങ്ങിയ സൂപ്പർഹിറ്റുകൾക്കായി തിരക്കഥ എഴുതി. മലയാള സിനിമയിലെ മാസ് എൻറർടെയിൻമെന്റിന് പുതിയ ഒരു മുഖം നൽകിയ ചിത്രങ്ങളായിരുന്നു അവ.

2001-ൽ രാവണപ്രഭുയിലൂടെ രഞ്ജിത്ത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ഏറ്റെടുത്തു. ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്ന ഈ ചിത്രം ആ വർഷത്തെ ഏറ്റവും ജനപ്രിയ സിനിമയായി. തുടർന്ന് 2002-ലെ നന്ദനം അദ്ദേഹത്തെ ഒരു കഴിവുറ്റ സംവിധായകനായി തെളിയിച്ചു.

പിന്നീട് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് (2010), ഇന്ത്യൻ റുപ്പി (2011), സ്പിരിറ്റ് (2012), പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ (2009) തുടങ്ങിയ സിനിമകൾ വിമർശകരുടേയും പ്രേക്ഷകരുടേയും പ്രശംസ നേടി.

2008 – മികച്ച മലയാളചലച്ചിത്രം – തിരക്കഥ, 2011 – മികച്ച മലയാളചലച്ചിത്രം – ഇന്ത്യൻ റുപ്പി, കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം,2001 – മികച്ച ജനപ്രിയ ചിത്രം – രാവണപ്രഭു,2009 – മികച്ച ചിത്രം – പാലേരി മാണിക്യം,2011 – മികച്ച ചിത്രം – ഇന്ത്യൻ റുപ്പി, തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ രഞ്ജിത്ത് തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്ത ചിത്രങ്ങളുടെ പട്ടിക വളരെ വലുതാണ്. യാദവം (1993), രുദ്രാക്ഷം (1994), സമ്മർ ഇൻ ബത്‌ലഹേം (1998), ഉസ്താദ് (1999), വല്ല്യേട്ടൻ (2000), ബ്ലാക്ക് (2004), പ്രജാപതി (2006), റോക്ക് & റോൾ (2007),കേരള കഫേ (2009), കയ്യൊപ്പ് (2007), അന്നയും റസൂലും (2013), ഞാൻ (2014) തുടങ്ങി പലവിധമായ വിഷയങ്ങളുമായി അദ്ദേഹം മുന്നോട്ടുവന്നു.

കലാസാമൂഹ്യ മേഖലയിൽ രഞ്ജിത്തിന്റെ സ്ഥാനത്തെ തെളിയിച്ച മറ്റൊരു അധ്യായം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിരുന്ന കാലഘട്ടമാണ്. എന്നാൽ 2024 ഓഗസ്റ്റ് 23-ന് ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ആരോപണം വിവാദങ്ങൾക്ക് വഴിവെച്ചു. കുറ്റം നിഷേധിച്ചെങ്കിലും, 2024 ഓഗസ്റ്റ് 25-ന് അദ്ദേഹം അക്കാദമി ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടി വന്നു.

രഞ്ജിത്തിന്റെ തിരക്കഥകൾ മലയാള സിനിമയെ ജനകീയവും വാണിജ്യപരമായി വിജയകരവുമായ രീതിയിൽ മാറ്റി. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ സാധാരണ ജനങ്ങളുടെ നാവിൽ ജീവിക്കുന്നു. സാമൂഹിക നിരീക്ഷണവും, കാലിക പ്രശ്നങ്ങളും, മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും, ചിലപ്പോൾ ജനപ്രിയതയ്ക്കും കൊമേഴ്സിനും വേണ്ടിയുള്ള ഉച്ചത്തിലുള്ള വാക്കുകളും എല്ലാം ചേർത്ത് സിനിമയുടെ ഭാഷക്ക് പുതിയ താളം നൽകിയവനാണ് രഞ്ജിത്ത്.

ഇന്ന്, 60-ാം ജന്മദിനം ആഘോഷിക്കുന്ന രഞ്ജിത്ത്, മലയാള സിനിമയുടെ കഥാപറച്ചിലിൽ ഒരിക്കലും ഒഴിവാക്കാനാവാത്തൊരു അധ്യായമാണ്. വിവാദങ്ങളും വിമർശനങ്ങളും അതിന്റെ ഭാഗമായാലും, തിരക്കഥാകൃത്തായും, സംവിധായകനായും, മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങൾ തുറന്നു കാട്ടിയ സൃഷ്ടിക്കാരനായി രഞ്ജിത്ത് എന്നും ഓർമ്മിക്കപ്പെടും. ഒരിക്കൽ കൂടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ