“അവയവദാനത്തിനായി കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ‘ഹൃദയപൂർവ്വം’ പ്രതീക്ഷയുടെ പ്രകാശമാകും”; ഡോ ജോസ് ഉക്കൻ

','

' ); } ?>

മലയാള ചലച്ചിത്രം ‘ഹൃദയപൂർവ’ത്തിനു ആശംസകളുമായി ഡോക്‌ടർമാരുടെ സംഘടനയായ ഐഎംഎ. അവയവദാനത്തിനായി കാത്തിരിക്കുന്ന അനേകം രോഗികൾക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ സിനിമയെന്ന് അവയവദാന സെൽ പുനർജനിയുടെ കോ-കൺവീനർ ഡോ ജോസ് ഉക്കൻ അഭിപ്രായപ്പെട്ടു. കൂടാതെ അവയവദാനത്തിൻ്റെ നല്ല വശങ്ങൾ സമൂഹത്തിനു മുൻപിൽ കാണിച്ചുകൊടുക്കുന്ന സിനിമയാണ് ‘ഹൃദയപൂർവം’ എന്നും ഡോ ജോസ് ഉക്കൻ കുറിച്ചു.

‘ഒരു വ്യക്തിയെയും, സമൂഹത്തെയും പ്രചോദിപ്പിക്കുന്ന സിനിമയ്ക്ക് ഉത്തമ ഉദാഹരണമാണ് ‘ഹൃദയപൂർവ്വം’.അവയവദാനത്തിനായി കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ഈ സിനിമ പ്രതീക്ഷയുടെ പ്രകാശമാകും. ഇന്നത്തെ സാഹചര്യത്തിൽ, ദുഃഖകരമായ ഒരു സത്യം നേരിടുകയാണ് നാം ആവശ്യം കൂടുമ്പോഴും, അവയവദാദാക്കളുടെ എണ്ണം കുറയുകയാണ്. പല കാരണങ്ങളാൽ, അവയവ ദാന രംഗം ഇടിയുകയാണ്. സിനിമകൾക്ക് ഈ പ്രശ്‌നത്തിൽ വലിയ സ്വാധീനമുണ്ട്. 2018ൽ പുറത്തിറങ്ങിയ ഒരു സിനിമ, അവയവദാനത്തെ കുറിച്ച് തെറ്റായ സന്ദേശം പകർന്നത് കൊണ്ട്, നിരവധി ആളുകൾ അവയവദാനത്തിൽനിന്ന് പിന്മാറ്റുകയും ഒഴിഞ്ഞുനില്ക്കുകയും ചെയ്തു. അതുവഴി, പലരുടെയും പ്രതീക്ഷകൾ നഷ്‌ടമായി. അത് അതീവ വേദനാജനകം തന്നെയാണ്’. ഡോ ജോസ് ഉക്കൻ കുറിച്ചു.

‘ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ഹൃദയപൂർവം എന്ന സിനിമ, അവയവദാനത്തിൻ്റെ നല്ല വശങ്ങൾ സമൂഹത്തിനു മുന്നിൽ തെളിച്ചിരിക്കുന്നത്.ഏത് കലയ്ക്കും കലാകാരനും സാമൂഹ്യ പതിബദ്ധതയുണ്ട്. നിർഭാഗ്യവശാൽ മഹാഭൂരിപക്ഷവും സ്വാർഥലാഭത്തിനായി മുഖം തിരിക്കുന്നു. അവിടെയാണ് ഹൃദയപൂർവം പോലുള്ള സിനിമകളുടെ പ്രസക്തി. സാമൂഹിക ഉത്തരവാദിത്തം നിറഞ്ഞ ഈ സിനിമയ്ക്ക് മെഡിക്കൽ രംഗത്ത് നിന്നും പൊതുസമൂഹത്തിൽ നിന്നും വലിയ സ്വീകരണമുണ്ടാകുമെന്ന് ഉറപ്പാണ്. മരണത്തിൻ്റെ കാത്തിരിപ്പിൽ കഴിയുന്ന രോഗികൾക്ക് പുതിയ ജീവിതം പകരാൻ ഈ സിനിമ ഒരു പ്രചോദനമായിത്തീരുമെന്നും പ്രതീക്ഷയുണ്ട്’. ഡോ ജോസ് ഉക്കൻ കൂട്ടിച്ചേർത്തു

ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം ഹൃദയമാറ്റ ശസ്ത്രകിയയ്ക്ക് വിധേയനായ ഒരു വ്യക്‌തിയുടെ ജീവിതത്തിന്റെ കഥയാണ് പറയുന്നത്.