“‘ലോക’യുടെ മുഴുവൻ ക്രെഡിറ്റും ടീമിനാണ്, ഞാൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം”; ദുൽഖർ സൽമാൻ

','

' ); } ?>

‘ലോക’യുടെ മുഴുവൻ ക്രെഡിറ്റും ടീമിന് നൽകുന്നുവെന്നും, താൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രമാണെന്നും പ്രതികരിച്ച് നടൻ ദുൽഖർ സൽമാൻ. ലോകയുടെ സ്പെഷ്യൽ സ്ക്രീനിങ് കണ്ടിറങ്ങിയതിനു ശേഷം പ്രതികരണം നൽകുകയായിരുന്നു താരം. ‘ലോക’യുടെ സ്പെഷ്യൽ സ്ക്രീനിങ് കാണാൻ അബുദബിയിലെത്തിയാതായിരുന്നു ദുൽഖർ സൽമാൻ. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്ലെൻ, സംവിധായകൻ ഡൊമിനിക് അരുൺ തുടങ്ങിയ സിനിമയുടെ ടീമും സർപ്രൈസായി ദുൽഖറിനൊപ്പമുണ്ടായിരുന്നു.

‘ഒരുപാട് സന്തോഷം ഇത്രയും നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് കരുതിയില്ല, ചെറിയൊരു സ്വപ്നം വെച്ച് തുടങ്ങിയതാണ്. മുഴുവൻ ക്രെഡിറ്റും സിനിമയുടെ ടീമിന് നൽകുന്നു…ഞാൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം’, ദുൽഖർ പറഞ്ഞു.

അതേസമയം, ‘ലോക’ തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിം നിർമിച്ച് കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക, സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണാണ്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സാണ് ചിത്രം. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.

സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.