
തന്റെ പുതിയ ബോളിവുഡ് ചിത്രം “ഒപ്പത്തിന്റെ” റീമേക്കാണെന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. ‘ഒപ്പ’ത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്യുന്ന സിനിമയാണിതെന്ന് പ്രിയദർശൻ പറഞ്ഞു. കൂടാതെ അക്ഷയ് കുമാറിനും സെയ്ഫ് അലിഖാനുമൊപ്പം മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നും പ്രിയദർശൻ പറഞ്ഞു.ഓൺമനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒപ്പം സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്യുന്നതാണ് ഹൈവാൻ. ചിത്രത്തിലെ സംഭാഷണത്തിലും തിരക്കഥയുമെല്ലാം വ്യത്യാസം വരുത്തിയിട്ടുണ്ട്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അക്ഷയ് കുമാറുമായി വർക്ക് ചെയ്യാൻ എനിക്ക് വളരെയധികം കംഫർട്ടബിൾ ആണ്. എനിക്ക് അദ്ദേഹം ബോളിവുഡിൻ്റെ മോഹൻലാൽ ആണ്. മോഹൻലാലും ഈ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്. ഇതിലെ മോഹൻലാലിൻ്റെ കഥാപാത്രം പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ആയിരിക്കും”. പ്രിയദർശൻ പറഞ്ഞു.
“ഇപ്പോൾ മുംബൈയിൽ ചിത്രീകരിക്കാൻ പ്ലാൻ ചെയ്തിരുന്ന സീക്വന്‍സുകളാണ് കൊച്ചിയിൽ എടുക്കുന്നത്. മുംബൈയിൽ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്ത് പെർമിഷൻ ലഭിച്ചില്ല. അതിനു പകരമൊരു സ്ഥലം നോക്കിയപ്പോൾ കൊച്ചിയാണ് മനസ്സിൽ വന്നത് അങ്ങനെയാണ് കൊച്ചിയിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. വേറൊരു രസകരമായ കാര്യമെന്തെന്നു വച്ചാല്‍ ഒൻപത് വർഷം മുമ്പ് ഇതേ സ്ഥലത്തുവച്ച് തന്നെയാണ് ‘ഒപ്പം’ സിനിമയിലെ ഒരു രംഗവും ചിത്രീകരിച്ചത്”. പ്രിയദർശൻ കൂട്ടിച്ചേർത്തു.