
ഹൃദയം സിനിമയിൽ പ്രണവിന്റെ നായികയായി തന്നെ അംഗീകരിക്കാൻ തയ്യാറാകാത്ത ആളുകളുമുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് നടി ദർശന
രാജേന്ദ്രൻ. തനിക്ക് പ്രണവിന്റെ നായികയാകാനുള്ള സൗന്ദര്യമില്ലെന്നും, ചില വൃത്തികെട്ട കമന്റുകള്‍ ക്യാമറയ്ക്ക് മുമ്പില്‍ പറയാനാകില്ല എന്നും ദർശന പറഞ്ഞു. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിൽ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
”ഞാന്‍ കമന്റുകളൊക്കെ വായിക്കാറുണ്ട്. എന്താണ് എന്റെ കഥാപാത്രത്തെക്കുറിച്ച് ആളുകള്‍ ചിന്തിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ മിക്ക സിനിമകളേയും കഥാപാത്രങ്ങളേയും എന്നേയും കുറിച്ച് പലതും എഴുതിപ്പെട്ടിട്ടുണ്ട്. ഹൃദയത്തിന്റെ സമയത്ത് നടന്ന ചര്‍ച്ചകള്‍ വലിയ തമാശകളായിരുന്നു. ഞാന്‍ പ്രണവിന്റെ നായിക ആകാന്‍ പാടില്ലായിരുന്നു എന്നൊക്കെ എഴുതിക്കണ്ടിരുന്നു. അതൊക്കെ എനിക്ക് വലിയ തമാശയായിട്ടാണ് തോന്നിയത്. ചില വൃത്തികെട്ട കമന്റുകള്‍ ക്യാമറയ്ക്ക് മുമ്പില്‍ പറയാനാകില്ല. വളരെ വൃത്തികെട്ടവയായിരുന്നു”. ദർശന പറഞ്ഞു.
“സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മളുടെ സങ്കല്‍പ്പങ്ങള്‍ വല്ലാതെ ഉറച്ചു പോയതാണ്. ആരെങ്കിലും അതിനെയൊന്ന് ഇളക്കാന്‍ ശ്രമിച്ചാല്‍ നിന്നെ കാണാന്‍ ഭംഗിയില്ല, നീ വൃത്തികെട്ടവളാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആളുകള്‍ ഓടിയെത്തും. ആയിക്കോളൂ എന്നേ ഞാന്‍ പറയൂ. പക്ഷെ ആ കഥാപത്രം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ആ കാഴ്ചപ്പാടുകളെയൊന്ന് ഇളക്കാന്‍ സാധിച്ചുവല്ലോ എന്ന സന്തോഷമുണ്ട്”. ദർശന കൂട്ടിച്ചേർത്തു.
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദര്‍ശന രാജേന്ദ്രന്. സിനിമയിലെ നായിക സങ്കല്‍പ്പത്തെ ഉടച്ചു വാര്ക്കുന്നതാണ് ദര്‍ശനയുടെ മിക്ക കഥാപാത്രങ്ങളും. നായികയുടെ ചട്ടക്കൂടുകള്‍ പൊളിച്ച് എല്ലാത്തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യുന്ന നടിയാണ് ദര്‍ശന. ദര്‍ശനയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നാണ് ഹൃദയം. വിനീത് ശ്രീനിവാസന് ഒരുക്കിയ ചിത്രത്തിലെ നായകന് പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു. ഹൃദയത്തിലെ ദര്‍ശനയുടെ കഥാപാത്രവും പ്രകടനവും കയ്യടി നേടിയിരുന്നു.
പര്‍ദ്ദയാണ് ദര്‍ശനയുടെ പുതിയ സിനിമ. തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന സിനിമയാണ് പര്‍ദ്ദ. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍-മഹേഷ് നാരായണന്-മമ്മൂട്ടി ചിത്രമടക്കം നിരവധി സിനിമകള്‍ ദര്‍ശനയുടേതായി അണിയറയിലുണ്ട്.