
നാമ നിർദ്ദേശ പത്രികയുമായി ബന്ധപ്പെട്ട നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ ഹർജി കോടതി തള്ളിയതിന് പിന്നാലെ സാന്ദ്രയെ രൂക്ഷ
ഭാഷയിൽ പരിഹസിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ നിയമാവലിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് എന്ന സാന്ദ്രയുടെ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിജയ് ബാബു പരിഹാസം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വീട്ടിലെ നായ്കുട്ടിയുമായി സാന്ദ്രയെ ചേർത്തു വെച്ച് പരിഹസിക്കുനന് കുറിപ്പും പങ്കു വെച്ചിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിജയ് ബാബു ഈക്കാര്യങ്ങൾ പറഞ്ഞത്.
“പങ്കാളിത്തം പിരിച്ചു വിട്ടപ്പോൾ നിനക്ക് പകരം ഞാനൊരു നായക്കുട്ടിയെ വളർത്താൻ തുടങ്ങി. അതെ സാന്ദ്ര അത് നിന്നെക്കാൾ വിശ്വസിക്കാൻ യോഗ്യനാണ്. എനിക്ക് മൃഗങ്ങളെ ഇഷ്‌ടമാണ് കാരണം അവ മനുഷ്യരേക്കാൾ വിശ്വാസയോഗ്യരാണ്”. വീട്ടിലെ നായ്ക്കുട്ടിയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് വിജയ് ബാബു കുറിച്ചു.
“കോടതിയുടെ തീരുമാനത്തെ മാനിക്കുന്നു. ടെക്നോളജി എല്ലാവർക്കും വേണ്ടിയുള്ളതാണ് എന്ന് ഓർമ്മയിലിരിക്കട്ടെ. 2010 മുതലുള്ള എൻ്റെ ഐക്ളൗഡും എല്ലാ ചാറ്റുകളും എൻ്റെ പക്കൽ സുരക്ഷിതമായി ഇരിപ്പുണ്ട്. സമൂഹത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച, സ്വന്തം വഴികളിൽ വിജയിച്ച ആളുകളുടെ പേരുകൾ ഉപയോഗിച്ച് ശ്രദ്ധ നേടാനുള്ള ശ്രമവും നിങ്ങളുടെ സ്വന്തം നറേറ്റീവും കയ്യിലിരിക്കട്ടെ അസൂയ പരസ്യമായി പ്രകടിപ്പിക്കരുത്. എന്നെ പ്രകോപിപ്പിക്കരുത്, അങ്ങനെ ചെയ്താൽ ശക്തമായ തെളിവുകളോടെ മറുപടിയുമായി എനിക്ക് വരേണ്ടിവരും”. വിജയ് ബാബു കൂട്ടിച്ചേർത്തു.
സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ലെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. വിജയ് ബാബുവിൻ്റെ ഈ അഭിപ്രായത്തിന് മറുപടിയുമായി സാന്ദ്രാ തോമസും രംഗത്തെത്തിയിരുന്നു. താൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്‌ണർ ആയിരുന്നു എന്ന് വിജയ് ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും സംഘടനയിലേക്ക് താൻ മത്സരിക്കുന്നതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ് ബാബുവിന്റെ പോസ്‌റ്റിലില്ല എന്നുമായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷിച്ചാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നല്ലതാണെന്നും സാന്ദ്ര സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. സാന്ദ്രയുടെ ഈ കുറിപ്പാണു വിജയ് ബാബുവിനെ പ്രകോപിപ്പിച്ചത്.