
നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന് നൽകിയ പിന്തുണയിൽ തെറ്റ് പറ്റിയെന്നും, കാര്യത്തിന്റെ യാഥാർഥ്യം അറിയാതെയാണ് വിഷയത്തിൽ പ്രതികരിച്ചതെന്നും തുറന്നു പറഞ്ഞ് സംവിധായകൻ മേജർ രവി. സംഘടനാ ഭാരവാഹികൾ തന്നെ വിളിച്ചിരുന്നുവെന്നും, നിര്‍മാതാക്കളായ സുേരഷ് കുമാറിനും ബി. രാകേഷിനുമെതിരെ സംസാരിച്ചതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിനു നല്‍കിയ അഭിമുഖത്തിലാണ് മേജർ രവി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘‘നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ പ്രശ്നമുണ്ടായ ദിവസം ഞാൻ ലൈവിൽ വന്നിരുന്നു. ആ സമയത്ത് അവിടെ നിർമാതാക്കളായ സിയാദ് കോക്കർ, സുരേഷ് കുമാർ, രാകേഷ് തുടങ്ങിയവർ ഇരിക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം ചേർന്ന് നോമിനേഷൻ നൽകാൻ എത്തിയ ഒരു പെൺകുട്ടിയെ ആക്രമിക്കുന്നു എന്നാണ് എനിക്കൊരു വിഡിയോ കണ്ടതിൽ നിന്ന് മനസ്സിലായത്. സുരേഷ് കുമാർ ഒരു പെൺകുട്ടിക്ക് നേരെ വിരൽ ചൂണ്ടി സംസാരിക്കുന്നു, അവരോട് മോശമായി പെരുമാറുന്നു എന്നൊക്കെ വിചാരിച്ചാണ് ഞാനന്ന് അങ്ങനെ പറഞ്ഞത്. പക്ഷേ അതിനുശേഷം നിർമാതാക്കളുടെ സംഘടനയിലുള്ളവർ എന്നെ വിളിച്ചു. ‘മേജറിന് അറിയില്ല അവിടെ എന്താണ് നടക്കുന്നതെന്ന്, അറിയാതെയാണ് നിങ്ങൾ പ്രതികരിച്ചതെന്ന്’ പറഞ്ഞു. യഥാർഥ വിവരങ്ങൾ ചോദിച്ച് അറിഞ്ഞപ്പോൾ നിർമാതാക്കൾക്കെതിരെ അങ്ങനെ പറഞ്ഞത്തിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ട്. ഞാനന്ന് മീഡിയയിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നു. സുരേഷ് കുമാറും രാകേഷും മറ്റുള്ളവരും അവിടെ ഇരിക്കുന്ന സമയത്ത് സാന്ദ്ര തോമസ് അവർക്കെതിരെ പലതും പറയുകയും അവരെ പ്രകോപിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഒരു പ്രതികരണം എന്ന നിലയിലാണ് സുരേഷ് കുമാർ എഴുന്നേറ്റ് നിന്ന് സാന്ദ്രയോട് കൈചൂണ്ടി സംസാരിച്ചത്”. മേജർ രവി പറഞ്ഞു.
“സാന്ദ്രയുടെ ബാനറിൽ പേരിൽ രണ്ടു സിനിമകളെ ഉള്ളൂ, ബാക്കിയുള്ള സിനിമകൾ സാന്ദ്ര പാർട്ണർ ആയിരുന്ന മറ്റൊരു ബാനറിന്റെ പേരിലാണ്. ഒരാൾക്ക് മത്സരിക്കണമെങ്കിൽ മൂന്ന് സിനിമകൾ സ്വന്തം കമ്പനിയുടെ പേരിൽ സെൻസർ ചെയ്തിരിക്കണം. അത് ഇല്ലാത്തതുകൊണ്ടാണ് സാന്ദ്രയുടെ അപേക്ഷ തള്ളിയത് എന്നാണ് ഞാൻ അറിഞ്ഞത്. ഇപ്പോൾ വിജയ് ബാബു എന്ന സാന്ദ്രയുടെ മുൻ പാർട്ണർ പോലും മുന്നോട്ടുവന്ന് ഈ കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഞാൻ അവരോട് ക്ഷമ പറയാൻ ആഗ്രഹിക്കുന്നു അവർക്ക് എതിരെ കാര്യം അറിയാതെ മാധ്യമങ്ങളിൽ പ്രതികരിക്കാൻ പാടില്ലായിരുന്നു. സുരേഷ് കുമാറിനോടും രാകേഷിനോടും, ഞാൻ പറഞ്ഞത് മൂലം ബുദ്ധിമുട്ട് നേരിട്ട എല്ലാവരോടും ക്ഷമചോദിക്കുന്നു. എനിക്ക് വേറൊരു കാര്യത്തിൽ വളരെയധികം വിഷമം തോന്നിയത് നടൻ മമ്മൂക്കയെ കുറിച്ച് ഇവർ പറഞ്ഞ ചില പരാമർശങ്ങളാണ്. ഇവർ ഈ സമയത്ത് മമ്മൂക്കയെ ഈ കാര്യത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല. ഒരു വ്യക്തിത്വമുള്ള മനുഷ്യനാണ് മമ്മൂക്ക. അവരുടെ പടത്തിന് ഡേറ്റ് കൊടുത്തിട്ട് മാറി എന്നൊക്കെ പറയുന്നതിൽ കഴമ്പില്ല. മമ്മൂക്കയെ പോലെ ഒരാളെ ഇങ്ങനെ ഒരു അവസ്ഥയിൽ പബ്ലിക്കിന് മുന്നിൽ കൊണ്ടുവന്ന് ചെളി വാരിയെറിഞ്ഞത് ഒട്ടും ശരിയായ കാര്യമായി തോന്നുന്നില്ല. വളരെ മോശമായ പരിപാടിയായി പോയി അത് അവരുടെ പക്വത ഇല്ലായ്മയാണ് അവിടെ കാണുന്നത്. മമ്മൂക്കയെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിൽ ഈ കാര്യത്തിൽ ഞാൻ മമ്മൂക്കയോടൊപ്പം ആണ്.’’–മേജർ രവി കൂട്ടിച്ചേർത്തു.