
ബലാത്സംഘ കേസിൽ ഒളിവിൽ പോയ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതി വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് നിഗമനം. അങ്ങനെ സംഭവിച്ചാൽ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമായത് കൊണ്ടാണ് വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെയാണ് ലുക്ക്ഔട്ട് സർക്കുലർ കൈമാറിയത്. കേസിൽ വേടന്റെ സുഹൃത്തുക്കളുടെയും പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും മൊഴി എടുക്കുകയെന്നതാണ് അടുത്ത ഘട്ടം.
ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു. ഈ മാസം 18നാണ് വേടന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. വേടൻ പെൺകുട്ടിയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.
അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.