“അന്നില്ലാത്ത നഗ്നത ഇന്നെവിടെന്ന് വന്നെന്നറിയില്ല”; ബ്ലെസ്സി

','

' ); } ?>

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസ്സി. സെൻസറിങ്ങിനു വിധേയമായി സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് കളിമണ്ണ് എന്നും അന്നില്ലാത്ത നഗ്നത ഇന്നെവിടെനിന്നു വന്നെന്നും ബ്ലെസ്സി ചോദിച്ചു. കൂടാതെ ശ്വേതയ്‌ക്കെതിരെ കേസെടുത്ത സംഭവം വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘പൊലീസ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ കേസെടുക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ആർക്കും ആർക്കെതിരെയും കേസ് കൊടുക്കാം. സെൻസറിങ്ങിനു വിധേയമായ സിനിമയാണ് കളിമണ്ണ് അക്കാലത്തില്ലാത്ത പുതിയ നഗ്നത എവിടെനിന്ന് വന്നു എന്ന് അറിയില്ല. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ശ്വേതാ മേനോനെതിരെ കേസെടുത്തത് വേദനാജനകമാണ്.’’ –ബ്ലെസ്സി പറഞ്ഞു.

എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് ശ്വേത മേനോൻ.അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഉയർന്ന പരാതിയും കേസും ഗൂഡലക്ഷ്യത്തോടെയാണെന്നും, കേസിന് പിന്നിൽ അമ്മയ്ക്കുള്ളിൽ നിന്ന് തന്നെ ആരെങ്കിലും ഉണ്ടോ എന്ന് സംശയമുണ്ടെന്നും ശ്വേതാമേനോൻ പറഞ്ഞു.

ശ്വേത മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതും തന്റെ പരാതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു. ശ്വേതാ മേനോന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് മാർട്ടിന്റെ വിശദീകരണം. താന്‍ പരാതി നല്‍കിയത് മാര്‍ച്ച് മൂന്നിനാണെന്നും അന്ന് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.

പണം കിട്ടിയാല്‍ സെക്ഷ്വലി എക്‌സ്പ്ലിസിറ്റ് ആയിട്ടുള്ള വീഡിയോകള്‍ വീണ്ടും ചെയ്യുമെന്ന് അഭിമുഖത്തില്‍ ശ്വേത പറയുന്നുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. പരാതിയില്‍ ഉന്നയിച്ച സിനിമകള്‍ സെന്‍സര്‍ ചെയ്‌തെത്തിയതല്ലേ എന്നും ഇപ്പോഴെന്താണ് പരാതിയെന്നുമുള്ള ചോദ്യത്തിന്, സെന്‍സര്‍ ചെയ്ത പടങ്ങള്‍ വീണ്ടും സെന്‍സര്‍ ചെയ്യപ്പെടാറുണ്ടെന്നും പരാതികള്‍ വരുമ്പോഴാണ് അവ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു.

ശ്വേതാമേനോനെതിരെ പരാതി ഉയര്‍ന്ന ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുക്കുന്നതിന് പകരം നടിയെ മാത്രം ഉന്നംവെക്കുന്നത് എന്താണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പരാതിക്കാരന്‍ നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്തത്.കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. എന്നാല്‍ പരാതിക്കാരന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോവുകയും അവിടെനിന്ന് കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ പൊലീസിന്‍റെ കേസ് എടുക്കുകയുമായിരുന്നു. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്ന് എഫ്ഐആറിലുണ്ട്.

പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സമയത്താണ് ഈ കേസ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ മുൻപ് പത്രിക പിൻവലിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മൽസരം നടക്കും.