“ലെനിൻ രാജേന്ദ്രനേയും കലാഭവൻ മണിയേയും അടൂർ മറന്നു”; എഐഡിആര്‍എം

','

' ); } ?>

ലെനിന്‍ രാജേന്ദ്രനും കലാഭവന്‍ മണിയും സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ അടൂർ ഗോപാല കൃഷ്ണൻ മറന്നു പോയെന്ന് വിമർശിച്ച്
അഖിലേന്ത്യ ദളിത് അവകാശമുന്നേറ്റ സമിതി (എഐഡിആര്‍എം). ദളിത്-സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും അത് പിന്‍വലിക്കാതെ ന്യായീകരിക്കുകയും ചെയ്യുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ധാര്‍ഷ്ട്യം കേരള സമൂഹം അംഗീകരിക്കില്ലെന്നാണ് എഐഡിആര്‍എം സംസ്ഥാന പ്രസിഡന്റ് എന്‍. രാജനും സെക്രട്ടറി മനോജ് ബി. ഇടമനയും പറഞ്ഞത്.

“അടൂർ ഗോപാലകൃഷ്ണൻ ബോധപൂര്‍വ്വം ദളിതരെ കഴിവ് കെട്ടവര്‍ എന്ന് ഇകഴ്ത്തിക്കാട്ടുകയാണ് ചെയ്തിരിക്കുന്നത്. ലെനിന്‍ രാജേന്ദ്രനും കലാഭവന്‍ മണിയും സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ അടൂര്‍ മറന്നു പോയിരിക്കുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട ചലച്ചിത്ര കലാകാരന്‍മാര്‍ക്ക് മികച്ച സിനിമ ചെയ്യുവാനുള്ള സര്‍ഗ്ഗശേഷി ഇല്ല എന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം പാഴ്‌വേലയാണ്. ചലച്ചിത്രരംഗത്തെ സവര്‍ണ്ണാധിപത്യത്തിന്റെ തൊഴുത്തില്‍ കെട്ടുവാനുള്ള പരിശ്രമങ്ങളെ ഞങ്ങൾ നേരിടുക തന്നെ ചെയ്യും”. എഐഡിആര്‍എം നേതാക്കള്‍ പറഞ്ഞു.

“പട്ടികജാതിയില്‍പെടുന്ന സിനിമാപ്രവര്‍ത്തകരെയും വനിതാ സിനിമ പ്രവര്‍ത്തകരെയും അപഹസിക്കുക വഴി തൂത്തെറിയപ്പെട്ട വര്‍ണ്ണ വ്യവസ്ഥിതിയെ തിരികെ കൊണ്ടുവരുവാനുള്ള പരിശ്രമമാണ് ആധുനിക യുഗത്തില്‍ അടൂര്‍ ചെയ്തത്. ഇത് ചോദ്യം ചെയ്ത ഗായിക പുഷ്പവതിയെ പരിഹസിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്”. എഐഡിആര്‍എം നേതാക്കള്‍ കൂട്ടിച്ചേർത്തു.

താൻ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അവര്‍ ഈ മേഖലയിൽ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമര്‍ശം നടത്തിയതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നായിരുന്നു അടൂരിന്റെ പരാമർശം. കൂടാതെ പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതെണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി രൂപ എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ല. അത് അഴിമതിക്ക് കാരണമാകും എന്നും അടൂർ കൂട്ടിച്ചേർക്കുകയുണ്ടായി. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.

അടൂരിന്റെ പ്രസ്താവനനയ്‌ക്കെതിരെ മന്ത്രി ആർ ബിന്ദുവും, സംവിധായിക ശ്രുതിയുമടക്കം നിരവധിപേരാണ് രംഗത്തു വന്നിട്ടുള്ളത്.’വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം, എന്നായിരുന്നു മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ദിനു വെയില്‍ പരാതി നൽകിയത്. കൂടാതെ എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയത്. പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമർശമായിരുന്നത്. പ്രസ്താവനയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്.