
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ചെയ്ത നാല് സിനിമകള്‍ക്കും ദേശീയ അവാർഡ് സ്വന്തമാക്കി വിഎഫ്എക്സ് കമ്പനി ഡിജിറ്റല്‍ ടര്‍ബോ മീഡിയ (ഡി.ടി.എം). പത്ത് വർഷത്തിനിടയിൽ 550-ഓളം സിനിമകള്‍ക്ക് വിഎഫ്എക്സ് ഒരുക്കിയ തൃശൂർ സ്വദേശികളായ ലവൻ പ്രകാശന്റെയും കുശൻ പ്രകാശന്റെയും കമ്പനിയാണിത്.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച എവിജിസി (അനിമേഷന്‍, വിഷ്വല്‍ എഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്) പുരസ്കാരം സ്വന്തമാക്കിയ ‘ഹനുമാന്’ (തെലുങ്ക്), മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഉള്ളൊഴുക്ക്’, മികച്ച തമിഴ് ചിത്രമായ ‘പാര്‍ക്കിംഗ്’, മികച്ച ഹിന്ദി ചിത്രമായി ജൂറി തിരഞ്ഞെടുത്ത ‘ഖട്ടൽ: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി’ സിനിമകളുടെ വിഎഫ്എക്സ് ജോലികള്‍ ചെയ്തത് ഇവരുടെ ഡി.ടി.എം വിഎഫ്എക്സ് കമ്പനിയിലായിരുന്നു.
‘ഹനുമാനി’ൽ വിഎഫ്എക്സ് ഒരുക്കിയ നാല് വിഎഫ്എക്സ് കമ്പനികളിൽ ഒരു കമ്പനിയായിരുന്നു ഡി.ടി.എം. ‘ഉള്ളൊഴുക്കി’ൽ വിഎഫ്എക്സ് സൂപ്പർവിഷൻ നിർവ്വഹിച്ചപ്പോള്‍ ‘പാർക്കിങ്ങി’ലും ‘ഖട്ടലി’ലും വിഎഫ്എക്സ് ജോലികള്‍ പൂർണ്ണമായും ചെയ്തിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളിൽ ഇതിനകം ഇവർ പ്രവർത്തിച്ചിട്ടുണ്ട്. ‘പുതിയ നിയമം’ ആണ് ആദ്യമായി വിഎഫ്എക്സ് ഒരുക്കിയ ചിത്രം. കമ്മട്ടിപ്പാടം, എസ്ര, പറവ, ട്രാന്‍സ്, മായാനദി, വരത്തന്, 777 ചാർലി, വേട്ടയ്യൻ, ഗുരുവായൂരമ്പലനടയിൽ, കണ്ണൂർ സ്ക്വാഡ്, ഹിറ്റ് 3, കാന്താര 1, കാന്താര 2 തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ടിവർ.