
നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിന് പിന്തുണയുമായി സംവിധായകനും നടനും നിർമാതാവുമായ പ്രകാശ് ബാരെ. സാന്ദ്രാ തോമസ് നിർമിച്ച ഒൻപത് സിനിമകളുടെ പേരും വർഷവും അക്കമിട്ട് നിരത്തിയാണ് പ്രകാശ് ബാരെ സാന്ദ്രയോടുള്ള പിന്തുണ പ്രഖ്യാപിച്ചത്. മികച്ച സിനിമകൾ നിർമ്മിക്കുകയും, ശക്തരായ പുരുഷന്മാരെപ്പോലും നേരിടേണ്ടി വരുമ്പോഴും സ്ത്രീകളുടെ പ്രാതിനിധ്യത്തിനുവേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്ന വ്യക്തിയാണ് സാന്ദ്ര തോമസെന്നാണ് പ്രകാശ് ബാരെ പറഞ്ഞത്.
“സാന്ദ്രയ്ക്ക് ഒൻപത് സിനിമകളുണ്ട്. എന്നാൽ, അവരുടെ സ്വകാര്യ ബാനറിലുള്ള രണ്ട് സിനിമകൾ മാത്രം പരിഗണിച്ച്, ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അവഗണിച്ച് പ്രസിഡൻ്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള അവരുടെ മത്സരം തള്ളുകയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മാത്രം മത്സരിക്കാൻ അനുവദിക്കുകയുമായിരുന്നു. ഇത് നിയമപരമോ ന്യായമോ അല്ല. ഈ രംഗത്തെ പീഡനങ്ങൾക്കും, സ്വജനപക്ഷപാതത്തിനും, അഴിമതിക്കും എതിരെ നിലകൊണ്ട, ധീരയും യോഗ്യയുമായ ഒരു സ്ത്രീയെ നിശ്ശബ്ദയാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. മികച്ച സിനിമകൾ നിർമ്മിക്കുകയും, ശക്തരായ പുരുഷന്മാരെപ്പോലും നേരിടേണ്ടി വരുമ്പോഴും സ്ത്രീകളുടെ പ്രാതിനിധ്യത്തിനുവേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്ന വ്യക്തിയാണ് സാന്ദ്ര തോമസ്”. പ്രകാശ് ബാരെ പറഞ്ഞു.
“അവർ സത്യം സംസാരിക്കുന്നതുകൊണ്ട് അവർ ഭയപ്പെടുന്നു. അവർ നിലപാടെടുക്കുന്നതുകൊണ്ട് അവർക്ക് ഭീഷണിയാകുന്നു. നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പ് നടക്കട്ടെ. അംഗങ്ങൾ തീരുമാനിക്കട്ടെ. സ്ത്രീകൾ അർഹിക്കുന്നത് നേതൃത്വമാണ്, മാറ്റിനിർത്തലല്ല. സാന്ദ്ര മത്സരിക്കട്ടെ. കുറഞ്ഞത് ഒൻപത് സിനിമകൾ, ഓരോന്നിൻ്റെയും സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്രയുടെ പേരുണ്ട്. ഇത് യോഗ്യതാ മാനദണ്ഡത്തിനും എത്രയോ മുകളിലാണ്. സാന്ദ്രയുടെ സ്വന്തം ബാനറിലുള്ള സിനിമകൾ മാത്രം കണക്കാക്കുമെന്ന വരണാധികാരിയുടെ നിലപാട്, അവരുടെ പേരിലുള്ള അംഗീകൃത സെൻസർ ക്രെഡിറ്റുകളെ അവഗണിക്കുന്നതും നിയമപരമായി നിലനിൽക്കാത്തതുമാണ്. എല്ലാവരും വസ്തുതകൾ കാണുന്നുവെന്നും നീതി ആവശ്യപ്പെടുന്നുവെന്നും നമുക്ക് ഉറപ്പാക്കാം.” പ്രകാശ് ബാരെ കൂട്ടിച്ചേർത്തു.