
സിനിമ കോണ്‍ക്ലേവിനിടെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പ്രതികരണം നൽകി സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. താൻ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അവര്‍ ഈ മേഖലയിൽ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമര്‍ശം നടത്തിയതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്ണൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഞാൻ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. അവര്‍ ഈ മേഖലയിൽ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് അത്തരത്തിൽ പരാമര്‍ശം നടത്തിയത്. പിന്നാേക്കാവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് നൽകുന്നത്. ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവര്‍ അല്ല അവര്‍. അതിനാലാണ് അവര്‍ക്ക് പരിശീലനമടക്കം നൽകണമെന്ന് പറഞ്ഞത്. സിനിമ ചിത്രീകരണത്തെക്കുറിച്ച് അറിവില്ലാത്തതാണ് പ്രശ്നം. അവര്‍ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കും. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് ഒന്നരക്കോടിയെന്ന തുക വളരെ കൂടുതലാണ്. ആരും അധിക്ഷേപം നടത്തിയിട്ടില്ല. ഞാൻ ഇതുവരെ ഒന്നരക്കോടിയിൽ സിനിമ എടുത്തിട്ടില്ല. ഒന്നരക്കോടിയെന്നത് വലിയ തുകയാണ്. ഈ പണം സൂക്ഷിച്ച് ചെലവാക്കേണ്ടതാണ്. അതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. മുന്നൊരുക്കമില്ലാതെ സിനിമ എടുക്കുമ്പോഴാണ് ചിലവ് കൂടുന്നത്. ഞാൻ സിനിമയെടുക്കുമ്പോൾ 30 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂര്‍ത്തിയാക്കും. 50 ലക്ഷം രൂപ വെച്ച് മൂന്നുപേര്‍ക്ക് നൽകിയാൽ അത്രയും പേര്‍ക്ക് അവസരം ലഭിക്കും. അത്തരമൊരു സാഹചര്യമാണ് ഒന്നരക്കോടി ഒരാള്‍ക്ക് നൽകുന്നതിലൂടെ ഇല്ലാതാക്കുന്നത്. ഒന്നരക്കോടി തികയുന്നില്ലെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. മുൻ പരിചയമില്ലാത്തവര്‍ക്കാണ് സഹായം നൽകുന്നത്. അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.