
തിരുവനന്തപുരത്തു നടന്ന ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട കോൺക്ലേവിൽ വിവാദപരമായ പ്രസ്താവന നടത്തി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നായിരുന്നു അടൂരിന്റെ പരാമർശം. കൂടാതെ പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതെണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമർശം
“സിനിമാ കോൺക്ലേവ് നടത്തുന്നത് വെറുതേ റിപ്പോർട്ട് തയ്യാറാക്കാനാണോയെന്ന് എനിക്ക് സംശയമുണ്ട്. ചലച്ചിത്രമേഖലയെപ്പറ്റി ഞാനുൾപ്പെട്ട സമിതി വർഷങ്ങൾക്കുമുൻപ് നൽകിയ റിപ്പോർട്ടിലെ ഒരു ശുപാർശപോലും നടപ്പാക്കിയിട്ടില്ല. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടത്. അവര് സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുത്. അവർക്കു ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുത്. ഒന്നരകോടി രൂപ എന്ന് പറയുന്നത് ചെറിയ സംഖ്യ അല്ല. പലരും ചെയ്ത സിനിമകൾ നിലവാരമില്ലാത്തതാണ്. അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞു.
സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും സിനിമാമേഖലയും ഉൾപ്പെട്ട റെഗുലേറ്ററി കൗൺസിൽ വേണം, ഇ-ടിക്കറ്റിങ് നടപ്പാക്കണം. ചില തിയേറ്റർ ഉടമകൾ ചിലരുടെ സിനിമ കാണിക്കില്ലെന്നു പറയുന്നു. അത്തരമൊരു തീരുമാനമിടുക്കൻ അവർ ആരാണ്. ഇക്കാര്യങ്ങളിലൊക്കെ ഇടപെടാനാണ് നിയമപരമായ അധികാരമുള്ള റെഗുലേറ്ററി കൗൺസിൽ വേണമെന്നു പറഞ്ഞത്. പുതിയ റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ദയവായി പഴയതുകൂടി വായിക്കണം. 200 കോടി ക്ലബ്ബിൽ കയറിയ സിനിമയെടുത്തവർ ജൂനിയർ ആർട്ടിസ്റ്റിന് വേതനം കൊടുത്തില്ലെന്നാണ് പരാതി. ഇതൊന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. രാജ്യത്ത് ഒന്നാമതെത്തുമായിരുന്ന കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ വൃത്തികെട്ട സമരം തകർത്തതാണ്. അടൂർ കൂട്ടിച്ചേർത്തു.