“ഇപ്പോള്‍ ഇവിടെയുണ്ട് നാളെ എവിടെയാണെന്ന് അറിയില്ല”; ചർച്ചയായി നവാസിന്റെ പഴയ അഭിമുഖം

','

' ); } ?>

നടൻ കലാഭവൻ നവാസിന്റെ മരണത്തിനു പിന്നാലെ ചർച്ചയായി നവാസിന്റെ പഴയ അഭിമുഖം. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ജീവിതവുമായി ബന്ധപ്പെട്ട നവാസിന്റെ പരാമർശങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മനുഷ്യരുടെ ജീവിതം എത്ര ചെറുതാണെന്നും മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നുമായിരുന്നു നവാസിന്റെ പരാമർശം. ആ വീഡിയോയില്‍ പറഞ്ഞതു പോലെ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയാത്തതു പോലെയാണ് അദ്ദേഹവും ലോകത്തോട് വിടപറഞ്ഞതെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റ്.

“ഇപ്പോള്‍ ഇവിടെയുണ്ട് നാളെ എവിടെയാണെന്ന് അറിയില്ല. ഈ നിമിഷം എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത നിസഹായരാണ് മനുഷ്യര്‍. അതിനൊക്കേയുള്ള അവസരമേ നമുക്ക് തന്നിട്ടുള്ളു. ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നേരം വെളുത്താല്‍ വെളുത്തെന്ന് പറയാം. ബാക്കി ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നു, ഞാന്‍ തിരിച്ച് വീടെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ഇന്ന് കാണാമെന്ന് പറഞ്ഞിരുന്നു, പക്ഷേ കാണുമെന്ന ഗ്യാരണ്ടി ഇല്ലായിരുന്നു. അത്രേയുള്ളു മനുഷ്യര്‍’. നവാസിന്റെ വാക്കുകൾ

നിരവധി താരങ്ങളാണ് നവാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം അപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ.

ഇന്ന് ഒന്നുമുതല്‍ മൂന്നുവരെ വീട്ടിലും തുടര്‍ന്ന് അഞ്ചുവരെ ആലുവ ടൗണ്‍ മസ്ജിദിലും പൊതുദര്‍ശനമുണ്ടാവും. 5.15-ന് ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.