“സെറ്റിൽ വെച്ച് നെഞ്ചു വേദന ഉണ്ടായിട്ടുണ്ട്”; കലാഭവൻ നവാസിന്റെ മരണത്തിൽ പ്രതികരിച്ച് വിനോദ് കോവൂർ

','

' ); } ?>

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ നവാസിന്റെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി നടനും സഹപ്രവർത്തകനുമായ വിനോദ് കോവൂർ. ഷൂട്ടിങ്ങിനിടെ നവാസിന് നെഞ്ചുവേദന വന്നെന്നും എന്നാൽ അപ്പപ്പോൾ താരം ആശുപത്രിയിൽ പോയില്ല എന്നുമാണ് വിനോദ് കോവൂർ പറയുന്നത്. വ്യാജ വാര്‍ത്തയാവണേയെന്ന് ആഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“നവസ്‌ക്ക എന്തൊരു പോക്കാ ഇത്. വിവരം അറിഞ്ഞപ്പോള്‍ ഫേക്ക് ന്യൂസ് ആവണേന്ന് ആഗ്രഹിച്ചു. പക്ഷേ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി. വീട്ടിലേക്കുള്ള യാത്രയില്‍ മുഴുവൻ നവാസ്‌ക്കയുടെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. ഇത്രയേയുള്ളു. ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീര്‍കുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവന്‍. സെറ്റിൽ വെച്ച് അദ്ദേഹത്തിന് നെഞ്ചു വേദന ഉണ്ടായിട്ടുണ്ട്. ആശുപത്രിയിൽ പോയാൽ ഷൂട്ടിങ്ങിനു ബുദ്ധിമുട്ടാകുമെന്ന് കരുതിക്കാണും. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയി കഴിഞ്ഞ അമ്മയുടെ കുടുംബ സംഗമത്തില്‍ പാട്ടുപാടിയും വ്യത്യസ്ത കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസക്കും പാത്രമായിരുന്നു നവാസ്‌ക്ക ഞാന്‍ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓര്‍ക്കുന്നു. ഒ ഒരു സഹോദര സ്‌നേഹമായിരുന്നു നവാസ്‌ക്കക്ക്”. വിനോദ് കോവൂർ കുറിച്ചു

മമ്മൂട്ടിയും, മോഹൻലാലും, ജയറാമുമടക്കമുള്ള താരങ്ങൾ നവാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ ചിത്രീകരണം രണ്ട് ആഴ്ചയായി ചോറ്റാനിക്കരയിൽ പുരോ​ഗമിക്കുകയാണ്. വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂൾ പൂർത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാർത്ത പുറത്തുവന്നത്. മൃതദേഹം അപ്പോൾ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്.

1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കൾ: നഹറിൻ, റിദ്വാൻ, റിഹാൻ.

ഇന്ന് ഒന്നുമുതല്‍ മൂന്നുവരെ വീട്ടിലും തുടര്‍ന്ന് അഞ്ചുവരെ ആലുവ ടൗണ്‍ മസ്ജിദിലും പൊതുദര്‍ശനമുണ്ടാവും. 5.15-ന് ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.