
ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിനുപിന്നാലെ നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച് നടൻ ഷാരൂഖ് ഖാൻ. ആദരവ് നൽകിയതിന് ജൂറിക്കും കേന്ദ്രസർക്കാരിനും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും നന്ദിയുണ്ടെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
ഈ സ്നേഹത്താൽ താൻ മതിമറന്നുപോയെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു. പരിക്കുപറ്റിയ കൈയുമായാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
“ദേശീയ അവാർഡ് ഒരു നേട്ടം മാത്രമല്ല, അഭിനയം ഒരു ജോലി മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണെന്നുള്ള ഓർമപ്പെടുത്തലാണ് ഈ അവാർഡ്.. ബഹളങ്ങൾ നിറഞ്ഞ ഈ ലോകത്ത്, ആരെങ്കിലും നമ്മളെ കേൾക്കുന്നു എന്നത് ഒരു അനുഗ്രഹമാണ്. ഈ അംഗീകാരത്തെ ഒരു അവസാനമായിട്ടല്ല, മറിച്ച് തുടർച്ചയായി പ്രയത്നിക്കാനും പഠിക്കാനും തിരികെ നൽകാനുമുള്ള ഒരു ഇന്ധനമായി ഉപയോഗിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെയെല്ലാം സ്നേഹത്തിന് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു, ഈ ബഹുമാനത്തിന് ഭാരത സർക്കാരിന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി. എൻ്റെ ആരാധകരോട്, നിങ്ങളുടെ എല്ലാ ആർപ്പുവിളികൾക്കും കണ്ണുനീരിനും നന്ദി. എൻ്റെ കൈകൾ വിരിച്ച് സ്നേഹം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ ഞാൻ സുഖമില്ലാതിരിക്കുകയാണ്. പക്ഷെ ഞാൻ ഉടൻ തന്നെ തിരികെയെത്തും. ഷാരൂഖ്ഖാൻ പറഞ്ഞു.
മൂന്നു പതിറ്റാണ്ടിലെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്.
അറ്റ്ലി സംവിധാനംചെയ്ത ജവാൻ എന്ന ചിത്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്. ഷാരൂഖ് ഖാന്റെ ഹോം പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റാണ് ‘ജവാൻ’ നിർമ്മിച്ചത്. നയൻതാര, വിജയ് സേതുപതി, സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാജ്കുമാർ ഹിറാനിയുടെ ‘ഡങ്കി’ (2023) യിലാണ് ഖാൻ അവസാനമായി അഭിനയിച്ചത്. സിദ്ധാർത്ഥ് ആനന്ദിൻ്റെ ‘കിംഗ്’ ആണ് അദ്ദേഹത്തിൻ്റെ അടുത്ത ചിത്രം. മാർഫ്ലിക്സ് എൻ്റർടെയ്ൻമെൻ്റും റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുഹാന ഖാൻ (ഷാരൂഖ് ഖാന്റെ മകൾ), അഭയ് വർമ്മ, ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബച്ചൻ, ജാക്കി ഷ്രോഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം 2026-ലെ ഗാന്ധി ജയന്തിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.