“അമ്മയിൽ വ്യക്തിപരമായ ബന്ധംകൊണ്ട് അധികാരം കിട്ടില്ല, ആരോപണ വിധേയരെ വോട്ട് ചെയ്ത് തോൽപ്പിക്കൂ”; ദേവൻ

','

' ); } ?>

അമ്മയിലെ തിരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ നടൻ ബാബുരാജ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടൻ ദേവൻ. തങ്ങൾക്കെതിരെ ഒരു ആരോപണം ഉയർന്നപ്പോൾ ഒട്ടും കാലതാമസമില്ലാതെയാണ് ഇടവേള ബാബുവും വിജയ് ബാബുവുമെല്ലാം രാജിവെച്ചതെന്നും, ആരോപണവിധേയർ മത്സരിക്കുന്നുണ്ടെങ്കിൽ അം​ഗങ്ങൾക്ക് അവരെ വോട്ടുചെയ്ത് തോൽപ്പിക്കാമല്ലോ എന്നുമാണ് ദേവന്റെ അഭിപ്രായം. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ പതിനഞ്ചിന് നടക്കുന്ന മത്സരം സംഘടനയ്ക്ക് വേണ്ടാത്തവരെ പുറത്താക്കുന്ന നടപടിക്രമംകൂടിയാണ്. ഭൂരിപക്ഷമുണ്ടെങ്കിൽ വാർഷിക ജനറൽ ബോഡിക്ക് ആരെ വേണമെങ്കിലും പുറത്താക്കാൻ കഴിയും. കാര്യങ്ങൾ അം​ഗങ്ങൾ തീരുമാനിക്കട്ടെ. ആരോപണവിധേയർ മത്സരിക്കാൻ തയ്യാറാണെങ്കിൽ അവരെ തോൽപ്പിക്കാനുള്ള അവകാശം ആനുവൽ ജനറൽബോഡിക്കുണ്ട്. ദിലീപിനെതിരെ ആരോപണം വന്നപ്പോൾ നിയംപോലും നോക്കാതെയാണ് പുറത്താക്കിയത്.’ ദേവൻ പറഞ്ഞു.

‘അമ്മയിൽ വ്യക്തിപരമായ ബന്ധംകൊണ്ട് അധികാരം കിട്ടില്ല. വോട്ടുചെയ്ത് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമേ അധികാരം ലഭിക്കൂ. ബാബുരാജിനോടും ആരോപണവിധേയരായ മറ്റുള്ളവരുമായും എനിക്ക് സൗഹൃദമുണ്ട്. അത് വേറെ വിഷയമാണ്. പക്ഷേ അവർക്കെതിരെ ഔദ്യോ​ഗികമായ കാര്യങ്ങൾ വരുമ്പോൾ അമ്മയുടെ നിയമം അനുസരിക്കും’. ദേവൻ കൂട്ടിച്ചേർത്തു.

നിരവധി താരങ്ങളാണ് ബാബുരാജ് മത്സരിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. താൻ ആരോപണ വിധേയനായപ്പോൾ മാറി നിന്നെന്നും, അതുപോലെ ബാബുരാജ് നിരപരാധിത്വം തെളിയിച്ച് വരട്ടെയെന്നുമാണ്”വിജയ് ബാബുവിന്റെ പ്രതികരണം. അമ്മ’യുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും, ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ ചോദ്യം.

ആരോപണ വിധേയരായ ആളുകൾ എല്ലാം അവരുടെ സാംസ്‌കാരിക ബോധം കൊണ്ടും, മൂല്യം കൊണ്ടും ഇലക്ഷനിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോൾ നടൻ ബാബുരാജ് ജനറൽ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ്. ബലാത്സംഗ കേസിൽ മുൻ കൂർ ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണോ ഇത്രയും ശ്രേഷ്ഠമായ ഒരു സംഘടനയെ നയിക്കേണ്ടത്?. നാളെ പൊതു സമൂഹം ‘അമ്മയുടെ നിലവാരം ഇത്രയ്ക്ക് താഴ്ന്നു പോയോ എന്ന് ചോദിച്ചാൽ നമുക്കുത്തരമില്ല. എനിക്കുറപ്പുണ്ട് ബാബുരാജ് സ്വമേധയാ മാറി നിലയ്ക്കാത്തത് അമ്മയുടെ തലപ്പത്തേക്ക് വരുന്നതിലൂടെ അദ്ദേഹത്തിന് ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ ഇതുവരെ ഉള്ള ചെയ്തികൾ വെളുപ്പിക്കണം അതിനൊരു കസേര വേണം, അത് അമ്മയുടെ കസേര തന്നെയാണ്. അനൂപ് ചന്ദ്രൻ പറഞ്ഞു.

അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയനായ നടൻ ബാബുരാജ് മാറി നിൽക്കാത്തത് കൊണ്ടാണ് നടൻ മോഹൻലാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു മാലാ പാർവതിയുടെ അഭിപ്രായം. ബാബുരാജ് ചതിയനാണെന്നും അമ്മയുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ആളല്ലെന്നുമായിരുന്നു സരിതയുടെ വാദം.

ഇത്തരമൊരു സംഘർഷാവസ്ഥ നില നിൽക്കെ നടനെതിരെ വഞ്ചനാ കുറ്റത്തിന് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനം യുകെ മലയാളികളില്‍ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്ന പരാതിയിൽ അടിമാലി പൊലീസാണ് നോട്ടീസ് അയച്ചത്. എന്നാൽ നടൻ നോട്ടീസ് കൈപറ്റിയിട്ടില്ല. തുടർന്ന് അടിമാലി പോലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടപ്പോൾ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്.

അമ്മയുടെ തലപ്പത്തേക്ക് വനിതകളെ പരിഗണിച്ചാൽ പത്രിക പിൻവലിക്കാമെന്നായിരുന്നു ജഗദീഷിന്റെ അഭിപ്രായം. ഇപ്പോൾ അമ്മയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അമ്മയുടെ അധ്യക്ഷപദവിയിലേക്ക് നടി ശ്വേതാമേനോന്റെ സാധ്യതയേറിയിരുന്നു. ആദ്യമായാണ് അമ്മമ്മയുടെ അധ്യക്ഷതപദവിയിലേക്ക് ഒരു വനിതാ മത്സരിക്കാനൊരുങ്ങുന്നത്.

നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർമാതാവും നടിയുമായ സാന്ദ്രാ തോമസാണ് മത്സരിക്കുന്നത്. പത്രിക പിൻവലിക്കില്ലെന്നും ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നുമാണ് സാന്ദ്രാ അറിയിച്ചിട്ടുള്ളത്. തന്റെ പത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെയെല്ലാം അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നും സാന്ദ്രാ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ ജോ; സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയ അൻസിബ ഹസനും സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്നും മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നുമാണ് അറിയിച്ചിട്ടുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയിരിക്കുന്നത് കുക്കു പരമേശ്വരനാണ്. നവ്യാ നായരും അൻസിബ ഹസനും കുക്കു പരമേശ്വരനും ഉൾപ്പെടെ അഞ്ചുവീതം വനിതകളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ഷീലാ കുര്യൻ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പത്രിക നൽകിയിട്ടുണ്ട്.